Quantcast

'നവംബര്‍ 20ന് ആടിനെ അറുക്കും'; ഷിന്‍‌‌ഡെ സേനാ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അധിക്ഷേപ പരാമര്‍ശം, സുനില്‍ റാവത്തിനെതിരെ കേസ്

മുംബൈയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം

MediaOne Logo

Web Desk

  • Published:

    6 Nov 2024 6:21 AM GMT

Sunil Raut
X

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് വെറും 15 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പരസ്പരം ചെളിവാരിയെറിയലും മുറയ്ക്ക് നടക്കുന്നുണ്ട്. വിക്രോളിയിലെ ശിവസേന (യുബിടി) സ്ഥാനാർഥിയും എംപി സഞ്ജയ് റാവത്തിൻ്റെ സഹോദരനുമായ സുനിൽ റാവത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

ഷിന്‍ഡെ സേനാ സ്ഥാനാര്‍ഥിയായ സുവർണ കരാജേയെ 'ആട്' എന്ന് വിശേഷിപ്പ സുനില്‍ 'നവംബര്‍ 20ന് ആടിനെ അറുക്കുമെന്നുമാണ്' പറഞ്ഞത്. മുംബൈയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ സുനില്‍ റാവത്തിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേന (യുബിടി) നേതാവിനെതിരെ മുംബൈയിൽ ഫയൽ ചെയ്യുന്ന രണ്ടാമത്തെ എഫ്ഐആറാണിത്. ഷിൻഡേ സേനയിലെ മുംബൈദേവി മണ്ഡലം സ്ഥാനാർഥി ഷൈന എൻസിക്കെതിരായ വിവാദ പരാമർശത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച സേന യുബിടി എംപി അരവിന്ദ് സാവന്തിനെതിരെ കേസെടുത്തിരുന്നു.

വിക്രോളി മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കൂടിയാണ് സുനില്‍. ഒക്ടോബർ 27ന് വിക്രോളി ഈസ്റ്റിലെ ടാഗോർ നഗറിലാണ് സംഭവം. നവംബർ നാലിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കരാജെ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ''തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ എനിക്കെതിരെ ആരാണ് പോരാടുന്നതെന്ന് ഞാൻ കാത്തിരിക്കുകയായിരുന്നു. പോരാട്ടം തുല്യമായിരിക്കണം. പക്ഷേ ആരും ധൈര്യപ്പെട്ടില്ല. സമയമായപ്പോൾ എനിക്കെതിരെ ഒരു ആടിനെ ഇറക്കി. നവംബർ 20ന് ഈ ആടിനെ അറുക്കും'' എന്നായിരുന്നു സുനില്‍ റാവത്തിന്‍റെ പരാമര്‍ശം. വിക്രോളിയെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭയിലെത്തിയ ആളാണ് സുനില്‍. സുവര്‍ണയെ കൂടാതെ എംഎന്‍എസിന്‍റെ വിശ്വജീത് ധോലമാണ് മറ്റൊരു എതിര്‍സ്ഥാനാര്‍ഥി.

'ഇറക്കുമതി ചെയ്ത ഉല്‍പന്നം' എന്നായിരുന്നു ഷൈന എന്‍സിയെ അരവിന്ദ് സാവന്ത് വിശേഷിപ്പിച്ചത്. മുന്‍ ബിജെപി വക്താവായ ഷൈന മഹായുതിയുടെ സ്ഥാനാര്‍ഥിയാണ്. സിറ്റിംഗ് എംഎൽഎയായ കോൺഗ്രസിൻ്റെ അമിൻ പട്ടേലാണ് മുംബൈദേവിയില്‍ ഷൈനയുടെ എതിര്‍സ്ഥാനാര്‍ഥി. പട്ടേലിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സാവന്ത് മാധ്യമങ്ങളോട് സംസാരിക്കവെ വിവാദ പരാമർശം നടത്തിയത്. ഷൈനയുടെ പരാതിയെ തുടര്‍ന്ന് നാഗപട പൊലീസാണ് കേസെടുത്തത്. മഹാരാഷ്ട്രയിലെ 228 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20നാണ് നടക്കുക. 23ന് വോട്ടെണ്ണും.

TAGS :

Next Story