പള്ളിയുടെ മുകളിൽ കയറി ജയ്ശ്രീരാം വിളിച്ചു; യുപിയിൽ ഒരു കൂട്ടം ആളുകൾക്കെതിരെ കുറ്റപത്രം
ഹിന്ദു പുതുവത്സരത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് നടത്തിയ രാം കലാഷ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്
പള്ളിയുടെ മുകളിൽ കയറി ജയ് ശ്രീരാം വിളിച്ചതിന് ഉത്തർപ്രദേശിൽ തിരിച്ചറിയപ്പെടാത്ത ഒരു കൂട്ടം ആളുകൾക്കെതിരെ കുറ്റപത്രം. ഗഹ്‌മർ ഗ്രാമത്തിലെ പള്ളിക്ക് മുകളിൽ കയറി മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിന് ഗാസിപൂർ പൊലീസാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദു പുതുവത്സരത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് നടത്തിയ രാം കലാഷ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്. രണ്ടു വിഭാഗം ആളുകൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചതാണ് കുറ്റം. എന്നാൽ സംഭവത്തിൽ അറസ്റ്റുകളൊന്നും നടത്തിയിട്ടില്ല. മുൻ എംഎൽഎ സുനിത സിങും അനുയായികളുമാണ് പള്ളിക്ക് മുമ്പിൽ അതിക്രമം നടത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച പലരും കുറിച്ചിട്ടുള്ളത്.
സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. വീഡിയോയിൽ കൊടികളുമായി ഒരു സംഘം മസ്ജിദിന്റെ കവാടത്തിൽ കയറിനിൽക്കുന്നതും ജയ്ശ്രീരാം മുഴക്കുന്നതും കാണാമായിരുന്നു. സംഭവം നടന്ന ഗ്രാമത്തിലെ സാഹചര്യം സമാധാനപരമാണെന്നും പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗാസിപൂർ എസ്പി രാം ബദൻ സിങ് അറിയിച്ചു. 1.25 ലക്ഷം ജനസംഖ്യയുള്ള ഗ്രാമത്തിലധികവും ഹിന്ദുക്കളാണുള്ളത്.
'ഏപ്രിൽ രണ്ടിന് രാം കലാഷ് യാത്രയുമായി വന്ന കുറച്ചു യുവാക്കൾ ഗ്രാമത്തിലെ പള്ളിക്കടുത്ത് എത്തിയപ്പോൾ ജയ് ശ്രീരാം വിളിച്ച് മുകളിൽ കയറി. അപ്പോൾ സ്ഥലത്തുണ്ടായിരുന്നവർ ശകാരിച്ചപ്പോൾ അവർ താഴത്തിറങ്ങി' ഗഹ്‌മർ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസറായ ടിഎൽ സെൻ പറഞ്ഞു. കൂട്ടത്തിലുള്ള ആരോയെടുത്ത വീഡിയോ പിന്നീട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരിച്ചറിയപ്പെടാത്ത ആളുകൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത് കൊണ്ട് എന്താണ് കാര്യമെന്നാണ് മില്ലി ഗസറ്റ് സ്ഥാപക എഡിറ്ററും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ സഫറുൽ ഇസ്‌ലാം ഖാൻ ചോദിക്കുന്നത്. സംഭവത്തിന്റെ വാർത്ത പങ്കുവെച്ച് ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Chargesheet against unidentified group in Uttar Pradesh for calling Jai Shriram on top of a mosque
Adjust Story Font
16