മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; പവാർ പക്ഷം ഇടഞ്ഞുനിൽക്കുന്നത് കല്ലുകടിയാവും
100 ദിവസത്തെ അജണ്ട തയാറാക്കുന്നതിനാണ് ഇന്നത്തെ യോഗം മുൻകൈ എടുക്കുക.
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി് അധ്യക്ഷത വഹിക്കും. അജിത് പവാർ പക്ഷ എൻ.സി.പി ഇടഞ്ഞുനിൽക്കുന്നതാണ് സഖ്യകക്ഷി സർക്കാരിന്റെ പ്രധാന തലവേദന.
100 ദിവസത്തെ അജണ്ട തയാറാക്കുന്നതിനാണ് ഇന്നത്തെ യോഗം മുൻകൈ എടുക്കുക. സഖ്യ കക്ഷികൾക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നൽകിയിരിക്കുന്നത്. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ബി.ജെ.പി മന്ത്രിമാർ തന്നെയാകും കൈകാര്യം ചെയ്യുക. ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നൽകുക വഴി ഘടക കക്ഷികൾക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്.
നാല് എം.പിമാർക്ക് ഒരു കാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന്ക്കും മഹാരാഷ്ട്രക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. അഞ്ച് പേരെ മാത്രം ലോക്‌സഭയിലേക്ക് വിജയിപ്പിച്ച ഹരിയാനയിൽനിന്ന് മൂന്ന് മന്ത്രിമാരുണ്ട്. നാല് മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രിസഭാ രൂപീകരണം അസ്വസ്ഥതയ്ക്കാണ് വഴി തെളിച്ചത്. അജിത് പവാർ പക്ഷ എൻ.സി.പിയിലെ പ്രഫുൽ പട്ടേലിന് മൂന്നാം മോദി സർക്കാർ വാഗ്ദാനം ചെയ്തത് സഹമന്ത്രി സ്ഥാനം മാത്രം. ഈ പദവി ഏറ്റെടുക്കാൻ അവർ തയാറായില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമാണ് ഈ വകുപ്പ് നൽകൽ എന്ന് എൻ.സി.പി വിശ്വസിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ എൻ.സി.പി തയ്യാറായില്ല . കാബിനെറ്റ് റാങ്കിനായി കാത്തിരിക്കുമെന്നാണ് അജിത് പവാർ പറയുന്നത്. ഈ കാത്തിരിപ്പ് തെരഞ്ഞെടുപ്പ് അടുക്കുംതോറും പൊട്ടിത്തെറിയിലേക്ക് വഴി തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Adjust Story Font
16