'ഭർത്താക്കന്മാരെ അലസരും അവിവേകിയുമായി ചിത്രീകരിച്ചു': ഫ്‌ളിപ്കാർട്ടിനെതിരെ വിമര്‍ശനം, ക്ഷമ ചോദിച്ച് അധികൃതർ
ബിഗ്ബില്യണ്‍ സെയിലുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഭർത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം
ന്യൂഡൽഹി: ഫ്‌ളിപ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിന്റെ ഭാഗമായി പുറത്തിറക്കിയ കാർട്ടൂൺ പരസ്യത്തിൽ ഭര്‍ത്താവിനെ അലസനും മോശക്കാരനും അവിവേകിയുമായി ചിത്രീകരിച്ചുവെന്ന് ആരോപണം. പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്‌ളിപ്കാർട്ടിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
ഒരു ദമ്പതികളെ കാണിച്ചുകൊണ്ടുള്ള കാർട്ടൂൺ പരസ്യത്തിൽ ഭാര്യ, ഭർത്താവിന്റെ അറിവില്ലാതെ വിവേകത്തോടെ ഫ്‌ളിപ്കാർട്ടില്‍ നിന്നും ഹാൻഡ് ബാഗുകൾ വാങ്ങുന്നതും സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്നതുമാണ് വീഡിയോവിലുള്ളത്. എന്നാൽ ഇതിൽ ഭർത്താവിനെ കാണിക്കുന്നത് അലസനും അവിവേകിയുമായി ചിത്രീകരിച്ചുകൊണ്ടാണെന്നാണ് എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്‌സ് എന്ന പുരുഷാവകാശ സംഘടനയുടെ ആരോപണം. വിമര്‍ശനങ്ങളെ തുടർന്ന് ഒഴിവാക്കിയ വീഡിയോ പങ്കുവെച്ചാണ് സംഘടന രംഗത്ത് വന്നത്. പുരുഷ വിധ്വേഷമുള്ള ഉള്ളടക്കമാണ് ഇതെന്നും ഫ്‌ളിപ്കാർട്ട് ക്ഷമ ചോദിക്കണമെന്നും ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവർ പറയുന്നു.
പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഫ്‌ളിപ്കാർട്ടും രംഗത്ത് വന്നു. വിഡിയോവിൽ ഖേദം പ്രകടിപ്പിക്കുന്നതായും വിഡിയോ തെറ്റായി പോസ്റ്റ് ചെയ്തതാണെന്നും സംഭവം ശ്രദ്ധയിൽപെട്ടതോടെ ഉടൻ പിൻവലിച്ചെന്നും ഫ്‌ളിപ്കാർട്ട് അധികൃതർ എക്സില്‍ കുറിച്ചു.
അതേസമയം വിഡിയോ പുറത്തുവന്നതോടെ രൂക്ഷ പ്രതികരണങ്ങളാണ് ഫ്‌ളിപ്കാർട്ടിനെതിരെ സമൂഹമാധ്യമത്തിൽ ഉയർന്നത്. വിഡിയോ ലജ്ജാവഹമാണെന്നതിന് പുറമെ ഫ്‌ലിപ്കാർട്ട് ബഹിഷ്‌കരിക്കണമെന്നടക്കമുള്ള പ്രതികരണങ്ങളാണ് ചിലർ നടത്തിയത്. സെപ്തംബർ 27 മുതൽ ഓക്ടോബർ ആറ് വരെയാണ് ബിഗ് ബില്ല്യൺ സെയിൽ.
Adjust Story Font
16