Quantcast

മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി; പക്ഷെ ജയിലിൽനിന്ന് ഇറങ്ങാനാവില്ല

പ്രകോപന പ്രസംഗങ്ങൾ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ് സരസ്വതി, ബജറംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് വിശേഷിപ്പിച്ച് സുബൈർ ട്വീറ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തലാണെന്ന് ആരോപിച്ചാണ് സീതാപൂർ പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    12 July 2022 8:53 AM GMT

മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി; പക്ഷെ ജയിലിൽനിന്ന് ഇറങ്ങാനാവില്ല
X

ന്യൂഡൽഹി: ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യു.പിയിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം നീട്ടിയത്. അതേസമയം ഡൽഹിയിലും ലഖിംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ സുബൈറിന് ജയിലിൽനിന്ന് ഇറങ്ങാനാവില്ല.

യു.പിയിലെ കോടതി സുബൈറിനെ ജൂലൈ 14വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. അതിനെ തുടർന്നാണ് സുബൈർ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ച് സുബൈറിന് അഞ്ച് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഹരജി പരിഗണിച്ചപ്പോൾ യു.പി സർക്കാറിന് വേണ്ടി ഹാജരായ എസ്.വി രാജു എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആവശ്യം അംഗീകരിച്ച കോടതി സർക്കാറിന് നാലാഴ്ച സമയം അനുവദിച്ചു. സെപ്റ്റംബർ ഏഴിനാണ് ഇനി കേസ് പരിഗണിക്കുക.

പ്രകോപന പ്രസംഗങ്ങൾ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ് സരസ്വതി, ബജറംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് വിശേഷിപ്പിച്ച് സുബൈർ ട്വീറ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തലാണെന്ന് ആരോപിച്ചാണ് സീതാപൂർ പൊലീസ് കേസെടുത്തത്.

2018ൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ പേരിൽ ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് മുഹമ്മദ് സുബൈറായിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യം നിഷേധിച്ച ഡൽഹി മെട്രോ പൊളീറ്റൻ കോടതി ജൂലൈ രണ്ടുവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

സുദർശൻ ടി.വി ജീവനക്കാരന്റെ പരാതിയിൽ ലഖിംപൂർ പൊലീസും സുബൈറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിൽ സുദർശൻ ടി.വിയുടെ റിപ്പോർട്ട് സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സുബൈർ ട്വീറ്റ് ചെയ്തുവെന്നാണ് പരാതി. കേസിൽ സുബൈറിനെ പൊലീസ് കസ്റ്റഡിയിൽവിടാൻ വിസമ്മതിച്ച ലഖിംപൂർ കോടതി അദ്ദേഹത്തെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

TAGS :

Next Story