ഇനി മമതയ്ക്കൊപ്പം; ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂലില്‍
കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ ബിജെപി വിട്ടത്
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് ഒരു മാസത്തിനുശേഷമാണ് സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നത്. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്‍ എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം.
പശ്ചിമ ബംഗാളില്‍ സെപ്തംബര്‍ 30നു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള ഈ ചുവടുമാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയായിരുന്ന പ്രിയങ്ക തിബ്രേവാള്‍ ആണ് ബിജെപി സ്ഥാനാര്‍ഥിയായി ഭവാനിപ്പൂരില്‍ മത്സരിക്കുന്നത്.
പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള എംപിയാണ് ബാബുല്‍ സുപ്രിയോ.
കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും ബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ ബിജെപി വിട്ടത്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമാണ് ബാബുല്‍ സുപ്രിയോയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. രണ്ട് തവണ പാര്‍ലമെന്റില്‍ അംഗമായിരുന്നു.
താന്‍ ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് സുപ്രിയോ നേരത്തെ പറഞ്ഞിരുന്നത്. പിന്നീട്, തീരുമാനം മാറ്റി താന്‍ പാര്‍ലമെന്റ് അംഗമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
Adjust Story Font
16