ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുൻ എംഎൽഎക്ക് അജ്ഞാതരുടെ വെടിയേറ്റു
അക്രമികൾ താക്കൂറിനും അംഗരക്ഷകർക്കും നേരെ 12 റൗണ്ട് വെടിയുതിർത്തു.

ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുൻ എംഎൽഎയ്ക്ക് വെടിയേറ്റു. ബിലാസ്പൂരിലെ കോൺഗ്രസ് നേതാവായ ബംബർ താക്കൂറിനാണ് വെടിയേറ്റത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താക്കൂറിനെക്കൂടാതെ ഇദ്ദേഹത്തിന്റെ അംഗരക്ഷകനടക്കം മറ്റ് രണ്ട് പേർക്കു കൂടി വെടിയേറ്റിട്ടുണ്ട്. അക്രമികൾ താക്കൂറിനും അംഗരക്ഷകർക്കും നേരെ 12 റൗണ്ട് വെടിയുതിർത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഹിമാചൽ പ്രദേശ് സർക്കാർ താക്കൂറിന്റെ ഭാര്യക്ക് അനുവദിച്ച വസതിയുടെ മുറ്റത്ത് ഇരിക്കുമ്പോൾ ഒരു സംഘം അജ്ഞാതരായ അക്രമികൾ തോക്കുമായി കോംപൗണ്ടിലേക്ക് ഇരച്ചുകയറുകയും വെടിയുതിർക്കുകയുമായിരുന്നു. താക്കൂറിന് വെടിയേറ്റതോടെ പ്രതി പ്രധാന മാർക്കറ്റ് ഏരിയയിലേക്ക് ഓടിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
"ഞാൻ ബാംബർ താക്കൂറുമായി സംസാരിച്ചു. അദ്ദേഹം ഷിംലയിലെ ഐജിഎംസിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്- മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് പറഞ്ഞു. വെടിവച്ചവരെ എത്രയും വേഗം പിടികൂടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
താക്കൂറിനെതിരെയുള്ള ആദ്യ ആക്രമണമല്ല ഇത്. 2024 ഫെബ്രുവരിയിൽ, ജബാലിയിൽ ഒരു റെയിൽവേ ലൈൻ നിർമാണ ഓഫീസിനുള്ളിൽ ഇദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ, സംശയിക്കപ്പെടുന്ന നിരവധി പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Adjust Story Font
16