Quantcast

ഹിമാചൽപ്രദേശ് ബി.ജെ.പി മുൻ അധ്യക്ഷൻ ഖിമി റാം കോൺഗ്രസിൽ ചേർന്നു

ഹിമാചൽ മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമാണ് ഖിമി റാം

MediaOne Logo

Web Desk

  • Updated:

    2022-07-12 09:17:36.0

Published:

12 July 2022 9:10 AM GMT

ഹിമാചൽപ്രദേശ് ബി.ജെ.പി മുൻ അധ്യക്ഷൻ ഖിമി റാം കോൺഗ്രസിൽ ചേർന്നു
X

ഷിംല: ഹിമാചൽപ്രദേശ് ബി.ജെ.പി മുൻ അധ്യക്ഷൻ ഖിമി റാം കോൺഗ്രസിൽ ചേർന്നു. ഹിമാചൽ മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമാണ് ഖിമി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്ന് ഖിമി മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്തെ ജനം ദുരിതത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയോടുള്ള എന്തെങ്കിലും അമർഷത്തിലല്ല ഞാൻ കോൺഗ്രസിൽ ചേരുന്നത്. ഹിമാചൽപ്രദേശിൽ കോൺഗ്രസിനെ മുന്നോട്ടുനയിക്കുക എന്ന നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തും-ഖിമി റാം വ്യക്തമാക്കി.

അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാമായി ജനം ദുരിതത്തിലാണ്. പെൻഷനടക്കം മുടങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ജനങ്ങൾക്ക് മുന്നിൽ ഉയർത്തുകയും ഹിമാചൽപ്രദേശിൽ അധികാരം പിടിക്കാൻ കോൺഗ്രസിന് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചൽപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല ഖിമിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. സംസ്ഥാനത്ത് കാറ്റ് ഏത് ദിശയിലേക്കാണ് വീശുന്നതെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ഡൽഹിയിൽ നടന്ന പരിപാടിയിൽ പറഞ്ഞു. ചടങ്ങിൽ എ.ഐ.സി.സി സെക്രട്ടറിമാരായ സുധീർ ശർമ, തെജീന്ദർ ബിട്ടു തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.

1999ൽ സജീവരാഷ്ട്രീയത്തിൽ പ്രവേശിച്ച ഖിമി റാം 2000ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിക്കുകയും പിന്നീട് കുളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2003ൽ ബഞ്ചാർ മണ്ഡലത്തിൽനിന്ന് ജയിച്ചാണ് നിയമസഭയിലെത്തിയത്. 2007ലും വീണ്ടും ഇവിടെനിന്ന് ജയിക്കുകയും ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2009ൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി. 2011ൽ വനം വകുപ്പ് മന്ത്രിയാകുകയും ചെയ്തു. 2012ലെ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും തോറ്റു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തുടർന്ന് അസംതൃപ്തനായി തുടരുകയായിരുന്നു.

Summary: Former Himachal Pradesh BJP president Khimi Ram joined the Congress

TAGS :

Next Story