മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നു വൈകീട്ടോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു. ഡൽഹി എയിംസിലായിരുന്നു അന്ത്യം. 2004 മുതൽ 2014 വരെ തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1991ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശിൽപി എന്ന നിലയിൽ ശ്രദ്ധേയനാണ്.
ശാരീരിക അവശതയെ തുടർന്ന് ഇന്നു വൈകീട്ടോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു. രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സർക്കാർ പരിപാടികൾ മാറ്റി. ബെല്‍ഗാമിലെ കോണ്‍ഗ്രസ് റാലി മാറ്റിവച്ചിട്ടുണ്ട്.
സാമ്പത്തിക വിദഗ്ധനായ സിങ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ ദിശ മാറ്റിയ സാമ്പത്തിക ഉദാരീകരണത്തിന്റെ മുഖ്യസൂത്രധാരനാണ്. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1991ൽ രാജ്യസഭാ അംഗമായി. ഇതേ വർഷം തന്നെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയുമായി. 2004ലാണ് ആദ്യ യുപിഎ സർക്കാരിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 2009ൽ യുപിഎയുടെ രണ്ടാം ഊഴത്തിലും പ്രധാനമന്ത്രിയായി. നീണ്ട 33 വർഷത്തെ പാർലമെന്റ് ജീവിതത്തിനുശേഷം 2024 ഏപ്രിലിലാണ് രാജ്യസഭയിൽനിന്ന് വിരമിക്കുന്നത്.
1932 സെപ്റ്റംബർ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മൻമോഹൻ സിങ്ങിന്റെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും പൂർത്തിയാക്കി.
കേന്ദ്ര ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും റിസർവ് ബാങ്ക് ഡയറക്ടറുമായിരുന്ന അദ്ദേഹം 1982ൽ റിസർവ് ബാങ്ക് ഗവർണറുമായി. കേന്ദ്ര ആസൂത്രണ കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ, ജനീവയിലെ സൗത്ത് കമ്മിഷൻ സെക്രട്ടറി ജനറൽ, പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, യുജിസി ചെയർമാൻ എന്നീ പദവികളും വഹിച്ചു.
1991ൽ അസമിൽനിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2024 വരെ എംപിയായി തുടർന്നു. 1991ലാണു നരസിംഹ റാവു സർക്കാരിൽ കേന്ദ്ര ധനമന്ത്രിയാകുന്നതും ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നിർണായക തീരുമാനങ്ങൾക്കു നേതൃത്വം നൽകുന്നതും. 1998 മുതൽ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.
2004ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റപ്പോൾ പ്രധാനമന്ത്രിയായത് മൻമോഹൻ സിങ് ആയിരുന്നു. 2009ൽ തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി ചരിത്രമെഴുതി.
1987ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മികച്ച ധനമന്ത്രിക്കുള്ള ഏഷ്യാ മണി അവാർഡ്(1993, 1994), മികച്ച ധനമന്ത്രിക്കുള്ള യൂറോ മണി അവാർഡ്(1993) എന്നിവ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ 'ടൈം' മാഗസിന്റെ '100 മോസ്റ്റ് ഇൻഫ്‌ളുവൻഷ്യൽ പീപ്പിൾ ഇൻ ദി വേൾഡ്' പട്ടികയിൽ(2005, 2010) ഇടംപിടിച്ചു.
ഗുർശരൺ കൗർ ആണു ഭാര്യ. മക്കൾ: ഉപീന്ദർ സിങ്(ഡൽഹി സർവകലാശാല ചരിത്രാധ്യാപിക), ദാമൻ സിങ്(എഴുത്തുകാരി), അമൃത് സിങ്(അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയനിൽ സ്റ്റാഫ് അറ്റോർണി).
Summary: Former PM Manmohan Singh passes away
Adjust Story Font
16