'പഞ്ചാബ് ലോക് കോൺഗ്രസ്'; പുതിയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദർ സിങ്
കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച കാര്യവും അമരീന്ദർ അറിയിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു
പുതിയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച കാര്യവും അമരീന്ദർ അറിയിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു. പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അമരീന്ദർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിങ് രംഗത്തെത്തിയിരുന്നു. അമരീന്ദറിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമങ്ങൾ നടത്തുന്നതിനിടെ അഭ്യന്തര മന്ത്രി അമിത്ഷായെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിങ് ഉപാധി വെച്ചിരുന്നു. കർഷകസമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കാമെന്നായിരുന്നു അമരീന്ദർ സിങ്ങിന്റെ വാഗ്ദാനം.
കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നവ്ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടർന്നാണ് അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16