Quantcast

ആർ.ജി കാർ മെഡി. കോളജ് മുൻ പ്രിൻസിപ്പൽ അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിറ്റു; ബലാത്സംഗക്കൊലക്കേസ് പ്രതി ഡോക്ടറുടെ സുരക്ഷാം​ഗമെന്നും വെളിപ്പെടുത്തൽ

സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡി. കോളജിൽ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നാണ് വെളിപ്പെടുത്തൽ.

MediaOne Logo

Web Desk

  • Updated:

    2024-08-21 09:55:19.0

Published:

21 Aug 2024 9:45 AM GMT

Former RG Kar officials big claim Ex-principal sold unclaimed bodies in RG Kar Medical College
X

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സം​​ഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതിനു പിന്നാലെ രാജിവച്ച പ്രിൻസിപ്പലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഉദ്യോ​ഗസ്ഥൻ. സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡിക്കൽ കോളജിൽ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നാണ് വെളിപ്പെടുത്തൽ. മെഡിക്കൽ കോളജിൽ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം.

രാജിവച്ച ഡോ. സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിൽക്കുന്നതുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ആർ.ജി കർ മെഡിക്കൽ കോളജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി പറഞ്ഞു. മുൻ പ്രിൻസിപ്പലിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ആളായിരുന്നു ബലാത്സം​ഗക്കൊലക്കേസ് പ്രതിയായ സിവിൽ വളണ്ടിയർ സഞ്ജയ് റോയ്. ആശുപത്രിയിലെ ബയോമെഡിക്കൽ മാലിന്യങ്ങളും മെഡിക്കൽ സാമഗ്രികളും ഘോഷ് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നതായും അലി വെളിപ്പെടുത്തി.

'സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ വിൽപ്പനക്കാരനായിരുന്നു. അയാൾക്കിതിരെ ഒരു കേസുമുണ്ട്. ബയോമെഡിക്കൽ വേസ്റ്റുകൾ കടത്തുന്നതിലും പങ്കാളിയായിരുന്നു അയാൾ. തന്റെ അധിക സെക്യൂരിറ്റിയുടെ ഭാ​ഗമായ ആളുകൾക്ക് ഈ വേസ്റ്റുകൾ വിൽക്കുകയും അവ ബം​ഗ്ലാദേശിലേക്ക് കടത്തുകയുമാണ് ചെയ്തിരുന്നത്'- അലി വ്യക്തമാക്കി. റബ്ബർ ഗ്ലൌ, സലൈൻ ബോട്ടിലുകൾ, സിറിഞ്ചുകൾ, സൂചികൾ എന്നിവയുൾപ്പെടെയാണ് ഇത്തരത്തിൽ അനധികൃതമായി വിൽപന നടത്തിയിരുന്നത്. ദിവസവും 600 കിലോ വരെയുള്ള ബയോമെഡിക്കൽ മാലിന്യമാണ് ആർ.ജി കർ മെഡിക്കൽ കോളജിൽ നിന്ന് ഇത്തരത്തിൽ വിൽപന നടത്തിയിരുന്നത്.

2023ലാണ് അലി ആർ.ജി കാർ മെഡിക്കൽ കോളജിൽ ജോലിക്കെത്തുന്നത്. അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന വിജിലൻസ് കമ്മീഷനെ അറിയിച്ചു. തുടർന്ന് അക്തർ അലി സന്ദീപ് ഘോഷിനെതിരായ അന്വേഷണ കമ്മീഷന്റെ ഭാ​ഗമാവുകയും ചെയ്തു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുൻ പ്രിൻസിപ്പലിനെതിരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഘോഷിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമർപ്പിച്ചെങ്കിലും അതേ ദിവസം തന്നെ ആർ.ജി കർ ആശുപത്രിയിൽ നിന്ന് സ്ഥലം മാറ്റുകയായിരുന്നുവെന്ന് അലി പറഞ്ഞു.

അതേസമയം, വിദ്യാർഥികളെ ജയിപ്പിക്കാനായി സന്ദീപ് ഘോഷ് കൈക്കൂലി വാങ്ങിയിരുന്നതായും അക്തർ അലി വെളിപ്പെടുത്തി. ചില വിദ്യാർഥികളെ ബോധപൂർവം പരാജയപ്പെടുത്തുകയും തുടർന്ന് വിജയിപ്പിക്കാനായി അവരിൽനിന്ന് പണം വാങ്ങിയെടുക്കുകയും ചെയ്തു. മെഡി.കോളജിലെ എല്ലാ ടെൻഡറിനും കരാറുകാരിൽനിന്ന് ഘോഷ് 20 ശതമാനം കമ്മീഷൻ വാങ്ങിയിരുന്നതായും അക്തർ അലി പറഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട ടെൻഡറുകൾ ഘോഷിൻ്റെ അടുത്ത സഹായികളായ സുമൻ ഹസ്രയ്ക്കും ബിപ്ലബ് സിംഹയ്ക്കും മാത്രമാണ് നൽകിയിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

2021ലാണ് സന്ദീപ് ഘോഷ് ചുമതലയേൽക്കുന്നത്. ആശുപത്രിയിൽ വനിതാ ഡോക്ടറായ യുവതി ക്രൂരബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. ഇതേതുടർന്ന് രാജിവച്ച സന്ദീപ് ഘോഷിന് മണിക്കൂറുകൾക്കകം കൊൽക്കത്ത മെഡിക്കൽ കോളജിൽ പുതിയ നിയമനം ലഭിച്ചിരുന്നു. എന്നാൽ‌‌, കൽക്കട്ട ഹൈക്കോടതി സർക്കാരിനെതിരെ വിമർശനമുന്നയിക്കുകയും ഘോഷിനെ അനിശ്ചിതകാല അവധിയിൽ അയയ്ക്കാൻ നിർദേശിക്കുകയുമായിരുന്നു. സ്ഥാപനത്തിൽ 2021 ജനുവരി മുതൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മമത ബാനർജി സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകശേഷം നിരവധി വീഴ്ചകളാണ് പ്രിൻസിപ്പലിന്റെ ഭാ​ഗത്തുനിന്നുണ്ടായത്.

അതേസമയം, ഡോ. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകൾക്ക് കൊൽക്കത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചാണ് അന്വേഷണം. ഇതിനു പുറമെ, കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സന്ദീപ് ഘോഷിന് കൊൽക്കത്ത പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങുകയാണ് സി.ബി.ഐ.

നേരത്തെ, കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രിൻസിപ്പൽ തൃപ്തികരമായ മറുപടി സി.ബി.ഐക്ക് നൽകിയില്ലെന്നാണ് റിപ്പോർട്ട്. കേസിൽ സന്ദീപ് ഘോഷിനെ അഞ്ചിലധികം തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. മരണത്തെ കുറിച്ച് യുവതിയുടെ വീട്ടിൽ ആദ്യമറിയിച്ചത് പ്രിൻസിപ്പലാണെങ്കിലും ആത്മഹത്യയാണെന്നാണ് ഇയാൾ പറഞ്ഞത്. ഇതെന്തിനായിരുന്നു എന്നാണ് ഉയരുന്ന സംശയം. 'ആത്മഹത്യയാണെന്നു പ്രഖ്യാപിക്കാൻ എന്തിനായിരുന്നു ഇത്ര ധൃതി? എന്തുകൊണ്ട് ക്രൈംസീൻ സുരക്ഷിതമാക്കാൻ നടപടിയെടുത്തില്ല? പ്രധാന വസ്തുതകൾ മറച്ചുവച്ച് കുടുംബത്തെ വിവരം അറിയിക്കാൻ ആരാണ് ഉപദേശിച്ചത്. ക്രൈം സീൻ സംരക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണ്'- തുടങ്ങിയ ചോദ്യങ്ങളാണ് സി.ബി.ഐ ഉദ്യോ​ഗ​സ്ഥർ സന്ദീപ് ഘോഷിനോട് ചോദിച്ചതെന്നാണ് റിപ്പോർട്ട്.

TAGS :

Next Story