സ്ഥാപക നേതാവിന്റെ ജന്മദിനം അവധിയിൽ നിന്ന് ഒഴിവാക്കി; കേന്ദ്രസർക്കാരിനെതിരെ ജമ്മു കശ്മീരിൽ എൻസി പ്രതിഷേധം
സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ച നാഷണൽ കോൺഫറൻസ് പാർട്ടി സ്ഥാപകൻ ശൈഖ് അബ്ദുല്ലയുടെ ജന്മദിനം സംസ്ഥാനത്ത് അവധി ദിനമായിരുന്നു, കശ്മീർ ചരിത്രത്തെ മായ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ എന്നാണ് വിമർശനം
ശൈഖ് മുഹമ്മദ് അബ്ദുല്ല
ശ്രീനഗർ: ജമ്മു കശ്മീർ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ച ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ ജന്മദിനം അടുത്ത വർഷത്തെ അവധി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനം. ഷേർ-ഇ-കശ്മീർ (കശ്മീരിന്റെ സിംഹം) എന്നറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുല്ല നാഷണൽ കോൺഫറൻസ് പാർട്ടിയുടെ സ്ഥാപക നേതാവാണ്.
സംസ്ഥാനത്തെ രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളിൽ വൻതോതിൽ ഇടപെട്ട ശൈഖ് അബ്ദുല്ല കശ്മീർ ജനത ഒന്നടങ്കം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ്. ശൈഖ് അബ്ദുല്ലയുടെ ജന്മദിനമായ ഡിസംബർ അഞ്ചിന് സംസ്ഥാനത്ത് അവധി ദിനമായിരുന്നു. 2019ൽ ആർട്ടിക്കിൾ 370 സംസ്ഥാനത്ത് നടപ്പാക്കിയതോടെ ഈ ദിവസത്തെ അവധി ഒഴിവാക്കിയിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചിട്ടും അവധി പുനഃസ്ഥാപിക്കാത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
അവധി ഒഴിവാക്കിയ നടപടിയിലൂടെ സംസ്ഥാനത്തിൻരെ ചരിത്രത്തേയും പാരമ്പര്യത്തെയും ബിജെപി കേന്ദ്രസർക്കാർ അവഹേളിക്കുകയാണെന്ന് ഭരണകക്ഷി കൂടിയായ നാഷണൽ കോൺഫറൻസ് പാർട്ടി പറഞ്ഞു. 1980 ൽ ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ മരണശേഷമാണ് സംസ്ഥാനത്ത് ഡിസംബർ അഞ്ചിന് അവധി പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാർ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അവധി പട്ടിക
ശൈഖ് മുഹമ്മദിന്റെ ജന്മദിനത്തിലെ അവധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിരുന്നെന്നും എന്നാൽ ഇത് അവഗണിക്കുകയായിരുന്നെന്നും പാർട്ടി ആരോപിച്ചു.
ഇതിനിടെ ജൂലൈ 13ലെ രക്തസാക്ഷി ദിനത്തിന്റെ അവധി പുനഃസ്ഥാപിക്കാൻ നാഷണൽ കോൺഫറൻസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് മുൻ ശ്രീനഗർ മേയർ ജുനൈദ് അസീം മട്ടു രംഗത്തുവന്നു.
'നാഷണൽ കോൺഫറൻസ് ഈ അവധികൾ പുനഃസ്ഥാപിക്കണമെന്ന് വാക്ക് പറഞ്ഞതാണ് പക്ഷെ അവർ പുതിയ വസ്ത്രങ്ങളും കാറുകളും വാങ്ങുന്ന തിരക്കിലാണെന്നും' മട്ടു തന്റെ എക്‌സിൽ കുറിച്ചു.
Adjust Story Font
16