അധികാരത്തിലെത്തിയതിന് പിന്നാലെ നാല് വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ചന്ദ്രബാബു നായിഡു സർക്കാർ
വെള്ളിയാഴ്ച രാത്രിമുതൽ ഈ ചാനലുകളുടെ സംപ്രേഷണം കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് നിർത്തിവെച്ചു
അമരാവതി: അധികാരത്തിലെത്തിയതിന് പിന്നാലെ നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ് ടി.ഡി.പി സർക്കാർ. ടിവി9, എൻടിവി, 10ടിവി, സാക്ഷി ടിവി തുടങ്ങിയ ചാനലുകളുടെ പ്രവർത്തനം തടഞ്ഞുവെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രിമുതൽ ഈ ചാനലുകളുടെ സംപ്രേഷണം കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് നിർത്തിവെച്ചു.സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം മൂലമാണ് ചാനലുകളുടെ സംപ്രേഷണം കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് പിൻവലിച്ചതെന്ന് വൈഎസ്ആർസിപി ആരോപിച്ചു. ഇത് സംബന്ധിച്ച് രാജ്യസഭാംഗം എസ് നിരഞ്ജൻ റെഡ്ഡി ട്രായ്ക്ക് പരാതി നൽകി.
ടിഡിപിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നിർബന്ധം മൂലമാണ് ആന്ധ്രാപ്രദേശ് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഈ നാല് ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കിയതെന്ന് റെഡ്ഡി ട്രായ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചാനലാണ് സാക്ഷി.
വൈഎസ്ആർസിപി അനുകൂല മാധ്യമങ്ങളായി വിലയിരുത്തപ്പെടുന്ന ചാനലുകളാണിത്. എന്നാൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പുതന്നെ ചാനൽ വിലക്ക് വന്നതായിപ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർ പറഞ്ഞു.
വൈ.എസ്.ആർ.സി.പി അധികാരത്തിലണ്ടായിരുന്ന കാലത്ത് മൂന്ന് ചാനലുകളെ നിയമസഭാ റിപ്പോർട്ടിങ്ങിൽ നിന്ന് ജഗൻമോഹൻ റെഡ്ഡി സർക്കാർ വിലക്കിയിരുന്നു. നാല് വർഷത്തിലേറെ നീണ്ട വിലക്ക് ടി.ഡി.പി സർക്കാർ അധികാരത്തിൽ വന്നയുടനെ നീക്കിയിരുന്നു. അതിന് പിന്നലെ വൈ.എസ്.ആർ.സിപിക്ക് അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന ചാനലുകൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.
Adjust Story Font
16