40 വര്‍ഷമായി ടിക്കറ്റെടുക്കുന്നു; ഒടുവില്‍ 88കാരന് അഞ്ച് കോടിയുടെ ലോട്ടറി
പഞ്ചാബ് ദെരബസ്സി, ത്രിവേദി ക്യാമ്പ് സ്വദേശിയായ മഹന്ത് ദ്വാരക ദാസിനാണ് ബുധനാഴ്ച 5 കോടി രൂപയുടെ ലോഹ്രി മകർ സക്രാന്തി ബമ്പർ ലോട്ടറി അടിച്ചത്
മഹന്ത് ദ്വാരക ദാസ്
ദെരബസ്സി: ഭാഗ്യം അങ്ങനെയാണ്...എപ്പോഴാണ് നമ്മെ തേടിവരുന്നതെന്ന് പറയാന്‍ സാധിക്കില്ല. 40 വര്‍ഷമായി ലോട്ടറിയെടുക്കുന്ന ഒരാളെ ഭാഗ്യം കടാക്ഷിച്ചത് 88-ാം വയസിലായിരുന്നു. പഞ്ചാബ് ദെരബസ്സി, ത്രിവേദി ക്യാമ്പ് സ്വദേശിയായ മഹന്ത് ദ്വാരക ദാസിനാണ് ബുധനാഴ്ച 5 കോടി രൂപയുടെ ലോഹ്രി മകർ സക്രാന്തി ബമ്പർ ലോട്ടറി അടിച്ചത്.
സിരാക്പൂരിൽ ലോട്ടറി കച്ചവടം നടത്തുന്ന ലോകേഷില്‍ നിന്നാണ് ദ്വാരക ദാസ് ലോട്ടറി എടുത്തത്. നികുതിയിളവ് കഴിഞ്ഞ് ഏകദേശം 3.5 കോടി രൂപ ദാസിന് ലഭിക്കുമെന്ന് ലോകേഷ് പറഞ്ഞു. ''അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ നിഖിൽ ശർമ്മ എന്‍റെ അടുത്ത് വന്ന് മുത്തച്ഛന് പ്രത്യേക അക്കങ്ങളുള്ള ലോട്ടറി ടിക്കറ്റ് വേണമെന്ന് പറഞ്ഞു.ഞാൻ അദ്ദേഹത്തിന് ടിക്കറ്റ് നൽകി. അതിനാണെങ്കില്‍ ബമ്പറടിക്കുകയും ചെയ്തു. ലോട്ടറി അടിച്ചതിലൂടെ ആ കുടുംബത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും ടിക്കറ്റ് വിറ്റതില്‍ അതിയായ സന്തോഷമുണ്ടെന്നും'' ലോകേഷ് കൂട്ടിച്ചേര്‍ത്തു.
ദ്വാരക ദാസിന് ലോട്ടറി അടിച്ചതിനു ശേഷം നാടു മുഴുവന്‍ ആഘോഷത്തിലാണ്. പാട്ടും നൃത്തവുമായി അവര്‍ ഭാഗ്യം ആഘോഷിക്കുകയാണ്. ''ഒരു ദിവസം ബമ്പറടിക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ എല്ലാ മാസവും ലോട്ടറി എടുക്കാറുണ്ടായിരുന്നു. ആ പണം ഇപ്പോൾ എന്‍റെ വീട്ടുകാർ ഉപയോഗിക്കും. ജീവിതകാലം മുഴുവൻ ഞാൻ ഒരുപാട് അധ്വാനിച്ചു. ആരെയും ദ്രോഹിച്ചിട്ടില്ല. ഞങ്ങൾ 1947-ൽ പാകിസ്താനില്‍ നിന്നും കുടിയേറിയവരാണ്, എനിക്ക് അന്ന് 13 വയസായിരുന്നു," മഹന്ത് ദ്വാരക ഓർമ്മിച്ചു. പണം തന്‍റെ രണ്ടു മക്കള്‍ക്കും തുല്യമായി വിതരണം ചെയ്യുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16