എ.എ റഹീം എംപിയുടെ വീടിന് ചുറ്റിലും പൊലീസ്, നിരന്തര നിരീക്ഷണം; മാധ്യമങ്ങളോടും ചോദ്യങ്ങള്‍
സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണെന്നും ഒരു കാരണവശാലും പിന്തിരിയില്ലെന്നും എംപി

ന്യൂഡല്‍ഹി: എ.എ റഹീം എംപിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്ക് ചുറ്റിലും മുഴുവന്‍ സമയവും പൊലീസ് നിരീക്ഷണം. എംപിയോട് സംസാരിക്കുന്ന മാധ്യമങ്ങളോടും പൊലീസ് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. തന്നെ പിന്തുടരാന്‍ പൊലീസിനെ നിയോഗിച്ചിരിക്കുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. എംപിയുമായി മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സംസാരിക്കുന്നതിനിടെയും പൊലീസ് എത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
താമസിക്കുന്ന വസതിയുടെ ചുറ്റിലും പൊലീസിനെ വിന്വസിച്ചുകൊണ്ട് നിരന്തരമായി വേട്ടയാടുകയാണെന്ന് എംപി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അതുപോലും വീഡിയോയില്‍ പകര്‍ത്തുകയാണ്. ആരൊക്കെയാണ് ഞാന്‍ കാണുന്നത്, ആരൊക്കെയാണ് എന്നെ കാണാന്‍ വരുന്നത് എന്നൊക്കെ നിരീക്ഷിക്കുകയാണ്. ഇത് എന്റെ കാര്യത്തില്‍ മാത്രമാകില്ല എന്ന് ഉറപ്പുണ്ട്. ജനാധിപത്യപരമായ സമരങ്ങളെ എങ്ങനെയാണ് ആക്രമിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.
സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള നിരന്തര നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. നേരത്തെ തന്നെ ഒരു കേസ് ഞാന്‍ കൊടുത്തതാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ബയോമെട്രിക് എവിഡന്‍സുകള്‍ ശേഖരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. ഒരു പാര്‍ലമെന്റ് അംഗം കൂടിയാണ്. പക്ഷേ എന്റെ വീടിന്റെ മുന്നില്‍ രാത്രിയും പകലും വ്യത്യാസമില്ലാതെ ഞാനും കുടുംബാംഗങ്ങളുമെല്ലാം എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കുകയാണ്. ഇങ്ങനെയാണ് ഇവര്‍ ഈ ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്നത്.
എന്താണ് ചോദിക്കുന്ന ചോദ്യം, ഞാന്‍ എന്താണ് ബ്രീഫ് ചെയ്യുന്നത് എന്ന് മാധ്യമ പ്രവര്‍ത്തകരോട് നേരത്തെ വന്ന് ചോദിക്കുകയാണ്. അത്തരം വിവരങ്ങള്‍ എടുക്കുകയാണ്. വീഡിയോയില്‍ പകര്‍ത്തുകയാണ്. ഇവിടെ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും നിരീക്ഷണത്തില്‍ വെച്ച് ഭീഷണിപ്പെടുന്നതിനുമാണ് ശ്രമിക്കുന്നത്. ഇത്തരം നിരീക്ഷണങ്ങളൊന്നും ഞങ്ങളുടെ പ്രക്ഷോഭത്തെ പിന്നോട്ടു വലിക്കില്ല. അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും -എ.എ റഹീം പറഞ്ഞു.
Adjust Story Font
16

