'ശ്രദ്ധിക്കണ്ടേ അമ്പാനേ'...; ജയിൽ മോചനം റാലി നടത്തി ആഘോഷിച്ച് ഗുണ്ടാനേതാവ്; മണിക്കൂറുകൾക്കം വീണ്ടും ജയിലിലേക്ക്
വാഹന റാലിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് വീണ്ടും പൊക്കിയത്.
ഭോപ്പാൽ: ജയിലിൽ നിന്നിറങ്ങിയതിന്റെ സന്തോഷത്തിൽ ആഘോഷം സംഘടിപ്പിച്ചതാണ് ഒരു ഗുണ്ടാനേതാവ്. കൂട്ടാളികളേയും കൂട്ടി വമ്പൻ തിരിച്ചുവരവ് റാലിയൊക്കെ നടത്തി. തുറന്ന കാറിൽ മുന്നിൽ നേതാവും പിന്നിൽ ഇരുചക്ര വാഹനങ്ങളിൽ നിരവധി അനുയായികളും. പക്ഷേ ആ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. 'തിരിച്ചുവരവ്' ആഘോഷം ചെന്നുനിന്നത് ജയിലിലേക്കുള്ള തിരിച്ചുപോക്കിൽ.
മഹാരാഷ്ട്ര നാസികിലാണ് സംഭവം. ഇവിടുത്തെ പ്രധാന ഗുണ്ടാനേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായി ഹർഷദ് പടങ്കർ ആണ് ജയിൽമോചിതനായതിന്റെ ആഘോഷം സംഘടിപ്പിച്ചത്. വാഹന റാലിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് വീണ്ടും പൊക്കിയത്.
മഹാരാഷ്ട്ര പ്രിവൻഷൻ ഓഫ് ഡേഞ്ചറസ് ആക്ടിവിറ്റീസ് ഓഫ് സ്ലംലോർഡ്സ്, ബൂട്ട്‌ലെഗേഴ്‌സ്, ഡ്രഗ് ഒഫൻഡേഴ്‌സ്, ഡേഞ്ചറസ് പേഴ്‌സൺസ് ആക്റ്റ് (എംപിഡിഎ) എന്നിവ പ്രകാരമായിരുന്നു ഇയാളെ നേരത്തെ ജയിലിലടച്ചത്. ജൂലൈ 23ന് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് അനുയായികൾക്കൊപ്പം മോചനം ആഘോഷിക്കാൻ വാഹനറാലി നടത്തുകയായിരുന്നു.
ബഥേൽ നഗറിൽ നിന്നും അംബേദ്കർ ചൗക്ക് വരെ നടന്ന റാലിയിൽ ഏകദേശം 15 ഇരുചക്രവാഹനങ്ങളും കാറുകളുമാണ് അണിനിരന്നത്. കാറിൻ്റെ സൺറൂഫ് തുറന്നുനിന്ന് ഇയാൾ തൻ്റെ അനുയായികളെ കൈവീശി കാണിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. റാലിയുടെ വീഡിയോ പകർത്തി 'വൻ തിരിച്ചുവരവ്' എന്ന അടിക്കുറിപ്പോടെ അനുയായികൾ സോഷ്യൽമീഡിയയിൽ റീലായി പങ്കുവയ്ക്കുകയായിരുന്നു.
റീലുകൾ പൊലീസിന്റെ കണ്ണിലുമെത്തി. ഇതോടെ, അനധികൃത റാലി നടത്തിയതിനും കുഴപ്പങ്ങൾ സൃഷ്ടിച്ചതിനും പടങ്കറിനെയും ആറ് കൂട്ടാളികളേയും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മോഷണം, അക്രമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Adjust Story Font
16