രോഹിണി കോടതി വെടിവെപ്പ് കേസ് പ്രതി തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു
എതിർ ഗുണ്ടാസംഘത്തിൽപ്പെട്ടവർ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു
ന്യൂഡൽഹി: തിഹാർ ജയിലിൽ ഗുണ്ടാനേതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. വെടിവെപ്പ് കേസ് പ്രതിയായ തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. എതിർഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരുമ്പ് വടികൊണ്ട് വയറിൽ അടിയേറ്റ തില്ലുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഡൽഹി രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതിയാണ് തില്ലു താജ്പുരിയ. ഇയാളുടെ സഹതടവുകാരൻ രോഹിത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
2021 സെപ്റ്റംബർ 24-നാണ് ഡൽഹിയിലെ രോഹിണി കോടതിയിൽ വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഗോഗിയെ ജിതേന്ദർ മാൻ കൊല്ലപ്പെട്ടിരുന്നു. തിഹാർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗോഗിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു വെടിവെച്ചുകൊലപ്പെടുത്തിയത്.
Adjust Story Font
16