തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ആംസ്ട്രോങ് വധക്കേസിലെ പ്രതി സീസിങ് രാജ കൊല്ലപ്പെട്ടു
രണ്ടര മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ് വധക്കേസിലെ പ്രതി സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. രണ്ടര മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്.
ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്ന് ഇന്നലെയാണ് സീസിങ് രാജ പിടിയിലായത്. നീലങ്കരൈയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർത്തു എന്നാണ് പൊലീസ് ഭാഷ്യം. വയറിനും നെഞ്ചിലും വെടിയേറ്റ സീസിങ് രാജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആംസ്‌ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായവരിൽ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തെ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ തിരുവെങ്കിടവും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കത്തോപ്പ് ബാലാജിയും പൊലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
പേരംബൂരില്‍ ജൂലൈ അഞ്ചിന് ആംസ്ട്രോങ് കൊലചെയ്യപ്പെട്ടതിന് പിന്നാലെ ചെന്നൈ കമ്മീഷണറായി ചുമതലയേറ്റ എൻ.അരുൺ ഗുണ്ടകളോട് കർശന നിലപാടാണ് സ്വീകരിച്ചത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടരുന്നതിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.
Adjust Story Font
16