Quantcast

കിലോയ്ക്ക് വെറും 50 പൈസ; ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിൽ തള്ളിയും കർഷകർ

വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉൽപ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Aug 2022 4:39 PM GMT

കിലോയ്ക്ക് വെറും 50 പൈസ; ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിൽ തള്ളിയും കർഷകർ
X

ഭോപ്പാൽ: ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില കിലോയ്ക്ക് 50 പൈസലിയേക്ക് കൂപ്പുകുത്തിയതോടെ ഉൽപ്പന്നങ്ങൾ റോഡിൽ ഉപേക്ഷിച്ച് കർഷകർ. മധ്യപ്രദേശിലെ കർഷകരാണ് തങ്ങൾ കൃഷി ചെയ്ത് വിളവെടുത്ത ഉൽപ്പന്നങ്ങൾ റോഡിൽ തള്ളിയത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകണമെന്നും തങ്ങളുടെ ജീവിതം അതീവ കഷ്ടത്തിലാണെന്നും കർഷകർ ആവശ്യപ്പെട്ടു. ഇവ റോഡിൽ ഉപേക്ഷിച്ചതു കൂടാതെ നദികളിൽ വലിച്ചെറിയുകയും വിളകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില മധ്യപ്രദേശിൽ കുത്തനെ കുറയുകയാണെന്നും വ്യാവസായിക ഉൽപ്പന്നങ്ങൾ പോലെ കാർഷികോൽപ്പന്നങ്ങൾക്കും വില നിശ്ചയിച്ചില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുമെന്നും അഗ്രികൾച്ചർ ഇക്കണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദർ ശർമ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സൗറിൽ കഴിഞ്ഞയാഴ്ച കർഷകർക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ മുതൽ കുറഞ്ഞത് 100 രൂപ വരെയാണ് ലഭിച്ചത്. മറ്റ് ചില വിപണികളിൽ കിലോയ്ക്ക് 45-50 പൈസ വരെ എത്തി. ഉള്ളി കർഷകർക്ക് ക്വിന്റലിന് പരമാവധി 1,244 രൂപയും കുറഞ്ഞത് 50 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്.

വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉൽപ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. ഉൽപ്പാദന ചെലവും വിലയും തമ്മിലുള്ള അന്തരം നികത്താൻ സർക്കാർ പ​ദ്ധതി ആരംഭിച്ചെങ്കിലും ഇപ്പോൾ നിശ്ചലമാണ്. 2017 മുതൽ കർഷകർ മിനിമം താങ്ങുവിലയ്ക്കായി പ്രക്ഷോഭം നടത്തി. വിവിധ പ്രക്ഷോഭങ്ങളിൽ ആറ് കർഷകർ കൊല്ലപ്പെട്ടെങ്കിലും കർഷകരുടെ ആവശ്യം സർക്കാർ പരി​ഗണിച്ചിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഉൽപാദനം 2011-12ൽ 11.50 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2020-21 ൽ 19.83 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. മാൽവ-നിമാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ വെളുത്തുള്ളി കൃഷി. വില കുത്തനെ കുറയുമ്പോൾ കൃത്യമായ സംഭരണ സംവിധാനമില്ലാത്തതിനാൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്.

TAGS :

Next Story