Quantcast

അച്ഛന്‍റെ സാമ്രാജ്യത്തിലേക്ക് മകന്‍റെ എന്‍ട്രി; കരണ്‍ അദാനി എ.സി.സി ലിമിറ്റഡ് ചെയർമാന്‍

35കാരനായ കരൺ അദാനി നിലവിൽ അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോണിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.

MediaOne Logo

Web Desk

  • Published:

    17 Sep 2022 1:36 PM GMT

അച്ഛന്‍റെ സാമ്രാജ്യത്തിലേക്ക് മകന്‍റെ എന്‍ട്രി; കരണ്‍ അദാനി എ.സി.സി ലിമിറ്റഡ് ചെയർമാന്‍
X

അംബുജ സിമന്‍റ്സ് ലിമിറ്റഡിന്‍റെയും എ.സി.സി ലിമിറ്റഡിന്‍റെയും ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കിയ അദാനി ഗ്രൂപ്പ് ഗൗതം അദാനിയെ അംബുജ സിമന്‍റ്സിന്‍റെ ബോർഡ് ചെയർമാനായി നിയമിച്ചു. പിന്നാലെ അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനിയെ എ.സി.സി ലിമിറ്റഡിന്‍റെ ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. അംബുജ സിമന്‍റ്സിന്‍റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയും ഇനി കരണ്‍ അദാനിയാണ് വഹിക്കുക.

35കാരനായ കരൺ അദാനി നിലവിൽ അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോണിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. കൂടാതെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡിന്‍റെ ഡയറക്ടറുമാണ്. മകനെ താക്കോല്‍സ്ഥാനത്തേക്ക് നിയമിച്ചതിന് പിന്നാലെ അംബുജ സിമന്‍റ്സ് ലിമിറ്റഡിലും എ.സി.സി ലിമിറ്റഡിലുമായി പുതിയ സ്വതന്ത്ര ഡയറക്ടർമാരേയും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാറിനെ അംബുജ സിമന്‍റ്സിന്‍റെ ബോർഡിലും ഷെൽ ഇന്ത്യ മുൻ മേധാവി നിതിൻ ശുക്ല എ.സി.സി ബോർഡിലുമെത്തി. അജയ് കുമാറാണ് അംബുജ സിമന്‍റ്സിന്‍റെ പുതിയ സി.ഇ.ഒ. ശ്രീധർ ബാലകൃഷ്ണനാണ് എ.സി.സി ചെയർമാൻ. വിനോദ് ബാഹട്ടിയെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും നിയമിച്ചു.

ഉടമസ്ഥതയിൽ മാറ്റം വന്നതോടെ ഹോൾസിമ്മിന്‍റെ ഏഷ്യ-പസഫിക് സി.ഇ.ഒയും ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും അംബുജയുടേയും എ.സി.സിയുടേയും ബോർഡുകളിൽ നിന്നും രാജിവെച്ചിരുന്നു. ഈ ഒഴിവുകളാണ് ഇപ്പോൾ നികത്തിയിരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോൾസിമിന് പങ്കാളിത്തമുള്ള അംബുജയിലേയും എ.സി.സിയിലേയും ഓഹരികൾ ഏറ്റെടുത്തിന് പിന്നാലെയാണ് സിമന്‍റ് സാമ്രാജ്യത്തിന്‍റെ ചുമതല മകനെ ഏൽപ്പിക്കാന്‍ ഗൗതം അദാനി തീരുമാനിക്കുന്നത്. രണ്ട് കമ്പനികളുടെയും ഡയറക്ടറായും എ.സി.സിയു​ടെ ചെയർമാനായും ഇനിമുതല്‍ അദാനിയുടെ മൂത്തമകൻ കരൺ അദാനി പ്രവർത്തിക്കും.

അംബുജ സിമന്‍റ്സിലെയും എ.സി.സി ലിമിറ്റഡിലെയും ഹോൾസിമിന്‍റെ ഓഹരികൾ ഏറ്റെടുത്തതില്‍ രണ്ട് സ്ഥാപനങ്ങളിലെയും ഓപ്പൺ ഓഫറും ഉൾപ്പെടുന്നുണ്ട്. അംബുജ സിമന്‍റ്സിന്‍റെയും എ.സി.സി ലിമിറ്റഡിന്‍റെയും ഹോൾസിം ഓഹരിയുടെ ഓപ്പൺ ഓഫർ മൂല്യം ഏകദേശം 6.5 ബില്യൺ ഡോളറാണ്, ഇതുകൊണ്ടുതന്നെ അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായാണ് ഈ ഇടപാടിനെ വിലയിരുത്തുന്നത്. ഇടപാട് പൂര്‍ത്തിയായ ശേഷം അദാനിക്ക് അംബുജ സിമന്‍റ്സില്‍ 63.15 ശതമാനവും എ.സി.സിയിൽ 56.69 ശതമാനവും ഓഹരിയുണ്ടാകും.


TAGS :

Next Story