Quantcast

ഗൗതം നവലാഖ ജയിൽ മോചിതനായി; ഇനി വീട്ടുതടങ്കലിൽ

നവലാഖയെ മോചിപ്പിക്കുന്നതിന് എതിരെ എൻഐഎ നൽകിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു

MediaOne Logo

Web Desk

  • Published:

    19 Nov 2022 2:52 PM GMT

ഗൗതം നവലാഖ ജയിൽ മോചിതനായി; ഇനി വീട്ടുതടങ്കലിൽ
X

ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവലാഖ ജയിൽ മോചിതനായി. നവി മുംബൈയിലെ തലോജ ജയിലിൽനിന്ന് വീട്ട് തടങ്കലിലേക്ക് മാറ്റാൻ നവലാഖയെ പൊലീസിന് കൈമാറി.

വീട്ടു തടങ്കലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവായതോടെ ആണ് വൈകിട്ട് നവലാഖ ജയിൽ മോചിതനായത്. നവി മുംബെയിൽ സിപിഎം ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളിലാണ് നവലാഖയെ വീട്ടു തടങ്കലിൽ പാർപ്പിക്കുക.

ഭീമ കൊറേഗാവ് കേസിൽ ഗൗതം നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവ് റദ്ദാക്കണമെന്ന എൻഐഎ ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഗൗതം നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിനെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് ആവശ്യം അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉത്തരവിട്ടത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സുരക്ഷാപ്രശ്നങ്ങളുണ്ടെന്നായിരുന്നു എൻഐഎയുടെ വിശദീകരണം. അതൊരു സിപിഐ ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള വീടാണെന്നും അവിടെ താമസിപ്പിക്കാൻ കഴിയില്ലെന്നും എൻഐഎ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വീട്ടുതടങ്കൽ മരവിപ്പിക്കണമെന്നും നവലാഖയുടെ കാര്യത്തിൽ സുപ്രീംകോടതിയെ ബെഞ്ച് തെറ്റിദ്ധരിപ്പിച്ചതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ആരോഗ്യനില കണക്കിലെടുക്കണമെന്ന വാദവും അദ്ദേഹം തള്ളി. ഓരോ തവണ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നവലാഖയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചില സമയങ്ങളിൽ ആശുപത്രിയിൽ പോകാൻ നവലാഖ വിസമ്മതിക്കുമായിരുന്നു എന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. നവലാഖയുടെ പ്രായമുള്ള നിരവധി തടവുകാർ ജയിലിലുണ്ടെന്നും അവർക്കാർക്കും അത്യാഢംബര സൗകര്യങ്ങളുള്ള വീട്ടുതടങ്കൽ ഇല്ലെന്നും തുഷാർ മേത്ത വാദിച്ചു. എന്നാൽ, സുപ്രിംകോടതി ഇത് കണക്കിലെടുത്തില്ല.

നവലാഖയുടെ ആരോഗ്യനില പരിഗണിച്ച് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് എൻഐഎ ഹരജി നൽകിയത്. 2020 ഏപ്രിൽ മുതൽ ജയിലിൽ കഴിയുകയായിരുന്നു നവലാഖ.

TAGS :

Next Story