രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ഗെഹലോട്ട്-സച്ചിൻ പോര്
ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ലംഘിക്കയാണെന്ന് സച്ചിൻ പൈലറ്റ് പക്ഷം ആരോപിച്ചു
ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും തർക്കം. ഗ്രാമവികസനമന്ത്രി രാജേന്ദ്ര സിങ് ഗുഢയെ പുറത്താക്കിയ ഗെഹ്ലോട്ടിന്റെ നടപടിക്ക് എതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സച്ചിൻ പൈലറ്റ് പക്ഷം. ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ലംഘിക്കയാണെന്ന് സച്ചിൻ പൈലറ്റ് പക്ഷം ആരോപിച്ചു. തിടുക്കപ്പെട്ട് തീരുമാനം എടുത്ത മുഖ്യമന്ത്രിയുടെ നടപടിയിലാണ് സച്ചിൻ പൈലറ്റിന്റെ അതൃപ്തി.
മണിപ്പൂരിന് മുൻപ് രാജസ്ഥാനിലെ സ്ത്രീ സുരക്ഷ ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രിയായിരുന്ന രാജേന്ദ്ര സിംഗ് ഗുഢ ആവശ്യപ്പെട്ടിരുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷവും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാജേന്ദ്ര സിംഗ് ഗുഢ ഉന്നയിക്കുന്നത്. അഴിമതിയിൽ ഒന്നാംസ്ഥാനത്ത് രാജസ്ഥാൻ ആണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാനത്ത് സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല എന്നും ആരോപിച്ചു.
പ്രസ്താവനയെ പ്രതിപക്ഷത്തിന് എതിരെയുള്ള ആയുധമാക്കി മാറ്റുകയാണ് ബിജെപി. സത്യം പറയുന്ന മന്ത്രിയെ പുറത്താക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജസ്ഥാൻ കോൺഗ്രസിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നത്. ശക്തമായ നേതൃത്വത്തിന്റെ അഭാവം നേരിടുന്ന ബിജെപി രാജേന്ദ്ര സിംഗ് ഗുഢയുടെ പ്രസ്താവന വീണുകിട്ടിയ അവസരമാക്കി മാറ്റുകയാണ്.
Adjust Story Font
16