ജമ്മു കശ്മീർ കോൺഗ്രസിൽ കലാപം? ഗുലാം നബി ആസാദടക്കം നാല് നേതാക്കൾ സ്ഥാനം രാജിവച്ചു
കോൺഗ്രസിലെ ജി23 സംഘത്തിൽ ഒരാളാണ് ഗുലാം നബി ആസാദ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും പാർട്ടിയിൽ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തവരിൽ പ്രധാനിയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കം നാല് നേതാക്കൾ ജമ്മു കശ്മീർ കോൺഗ്രസിലെ സുപ്രധാന പാർട്ടി പദവിയിൽ നിന്ന് രാജിവച്ചു. ജമ്മു കശ്മീർ കാംപയ്‌ൻ കമ്മിറ്റി ചെയർമാനായി നിയമിതനായി മണിക്കൂറുകൾക്ക് ശേഷമാണ് രാജി. പാർട്ടിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നുവെന്ന സൂചനയാണ് ഗുലാം നബിയുടെ രാജിയെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിലെ ജി23 സംഘത്തിൽ ഒരാളാണ് ഗുലാം നബി ആസാദ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും പാർട്ടിയിൽ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തവരിൽ പ്രധാനിയാണ്.
ആസാദ് അടങ്ങുന്ന 23 പേർ കോൺഗ്രസിൽ സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം രാജ്യസഭയിൽ നിന്ന് വിരമിച്ച അദ്ദേഹം ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതുമില്ല.
ആസാദിന്റെ രാജിക്ക് തൊട്ടുമുമ്പ്, അദ്ദേഹത്തിന്റെ അടുത്ത സഹായി ഗുലാം അഹമ്മദ് മിർ കോൺഗ്രസ് ജമ്മു കശ്മീർ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചു. മിറിന്റെ രാജി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി സ്വീകരിക്കുകയും പകരം മറ്റൊരു നേതാവായ വികാർ റസൂൽ വാനിയെ തദ്സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
ഇവരെ കൂടാതെ, എംഎൽഎ ഗുൽസാർ അഹമദ് വാനി, മുൻ എംഎൽഎ ഹാജി അബ്ദുൽ റാഷിദ് ദർ എന്നിവരാണ് പുതിയ കമ്മിറ്റിയിൽ നിന്ന് രാജിവച്ച മറ്റുള്ളവർ. ഇതിൽ ദർ പാർട്ടി അംഗത്വവും രാജിവച്ചു.
"പിസിസി അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാത്തതിൽ ഞങ്ങൾക്ക് അതൃപ്തിയുണ്ട്. പിസിസി അധ്യക്ഷന്റെ സമീപകാല പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ ഏകോപന സമിതിയിൽ നിന്ന് ഞങ്ങൾ രാജിവച്ചു. ഞാൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു"- ദാർ പറഞ്ഞു.
വോട്ടർപട്ടിക അന്തിമമാക്കുകയും അതിർത്തി പുനർ നിർണയത്തിനും ശേഷമായിരിക്കും ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാൽ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Adjust Story Font
16