ഗുലാം നബി കോൺഗ്രസിലേക്ക് മടങ്ങുന്നു; അനുനയവുമായി നേതാക്കൾ
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അംബികാ സോണി, 'ജി 23' നേതാക്കളായ അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരെയാണ് ഗുലാം നബിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള ചുമതല ഏൽപിച്ചിരിക്കുന്നത്
ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ആഗസ്റ്റിലാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഗുലാം നബി ആസാദ് കോൺഗ്രസ് വിടുന്നത്. പാർട്ടി വിട്ട് ഒരാഴ്ചയ്ക്കുശേഷം കശ്മീർ ആസ്ഥാനമായി പുതിയ പാർട്ടിയും രൂപീകരിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് ശ്രീനഗറിൽ വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി പുതിയ പാർട്ടി രൂപീകരണവും പ്രഖ്യാപനവും നടത്തിയത്.
എന്നാൽ, കഴിഞ്ഞ ഗുജറാത്ത്-ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ കോൺഗ്രസിനെ പ്രശംസിച്ച് ഗുലാം നബി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയോട് ഏറ്റുമുട്ടാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ പാർട്ടി വിരുദ്ധനല്ലെന്നും കോൺഗ്രസിന്റെ ചില നയങ്ങളോടു മാത്രമാണ് തനിക്കു പ്രശ്‌നമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ഗുലാം നബിയെ 'ഭാരത് ജോഡോ യാത്ര'യുടെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ കോൺഗ്രസിലെ 'ജി 23' നേതാക്കളായ അഖിലേഷ് പ്രസാദ് സിങ്ങും ഭൂപീന്ദർ സിങ്ങും അദ്ദേഹത്തെ സമീപിച്ചിരുന്നു. പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യമുയർത്തിയിട്ടുണ്ട് ഇവർ. യാത്രയിൽ പങ്കെടുക്കണമെന്ന് ഇവർ ഗുലാം നബിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അഖിലേഷിനും ഭൂപീന്ദറിനുമൊപ്പം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അംബികാ സോണിയെയും ഗുലാം നബിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള ചുമതല ഏൽപിച്ചതായാണ് അറിവ്.
ജനുവരി മൂന്നിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിൽ ഗുലാം നബി പങ്കെടുക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിൽ വച്ചായിരിക്കും അദ്ദേഹം യാത്രയുടെ ഭാഗമാകുക.
Summary: Former Congress leader Ghulam Nabi Azad is likely to return back to the party as the talks between the two front have been started: Reports
Adjust Story Font
16