പേരും കൊടിയും ജനങ്ങൾ തീരുമാനിക്കും; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
''കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകിയിട്ടുണ്ട്. കംപ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാർട്ടിയെ വളർത്തിയത്.''-ജമ്മുവിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ ഗുലാംനബി ആസാദ്
ശ്രീനഗർ: ജമ്മുവിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നാണ് ഗുലാംനബി അറിയിച്ചത്. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനം.
കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി റാലിയിൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
റാലിയിൽ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാനും ഗുലാംനബി മറന്നില്ല. കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കംപ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാർട്ടിയെ വളർത്തിയത്. എന്നാൽ, ചിലർ തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
കോൺഗ്രസ് വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്. ജമ്മുവിലെ സൈനികകോളനിയിലായിരുന്നു റാലി നടന്നത്. പി.ഡി.പി, നാഷണൽ കോൺഫറൻസ് തുടങ്ങിയ കശ്മീർ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് സാധ്യത. ബി.ജെ.പിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവർക്കും തനിക്കും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഗുലാംനബി ആസാദ് കോൺഗ്രസ് വിട്ടത്. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ല, മുതിർന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ല, പക്വതയില്ല തുടങ്ങിയ വിമർശനങ്ങളാണ് ഗുലാംനബി ഉന്നയിച്ചത്.
Summary: Ghulam Nabi Azad announces new party in Jammu and Kashmir, demands full statehood and land rights
Adjust Story Font
16