'എല്ലാവരും പണം എണ്ണുന്ന തിരക്കിലാണ്'; സ്വന്തം സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്
വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡൽഹി: സ്വന്തം പാർട്ടിയുടെ സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്. മുൻ മന്ത്രിയായ പാണ്ഡുരംഗ് മദ്കൈക്കർ ആണ് ഗോവയിലെ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയിൽ മാത്രം ഏർപ്പെട്ടിരിക്കുകയാണെന്നാണ് മദ്കൈക്കറുടെ ആരോപണം.
"കൊള്ള നടക്കുന്നുണ്ട്. ഒന്നും അനങ്ങുന്നില്ല. അവർ പണം എണ്ണുന്ന തിരക്കിലാണ്. എല്ലാ മന്ത്രിമാരും പണം എണ്ണുന്ന തിരക്കിലാണ്. ഗോവയിൽ ഒന്നും സംഭവിക്കുന്നില്ല," സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ മുൻ മന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിമാർക്ക് ഫയലുകൾ ശരിയാക്കാൻ ലക്ഷങ്ങൾ നൽകേണ്ടിവരുമെന്ന് മദ്കൈക്കർ ആരോപിച്ചു. ഒരു ചെറിയ ജോലിക്ക് വേണ്ടി ഒരു ബിജെപി മന്ത്രിക്ക് 20 ലക്ഷം രൂപ കൈക്കൂലി നൽകാൻ താൻ നിർബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാർട്ടിയുടെ ഉന്നത ദേശീയ നേതാക്കളിലൊരാളായ ബി.എൽ. സന്തോഷിന്റെ രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മദ്കൈക്കർ ആരോപണങ്ങൾ ഉയർത്തിയത്. കൈക്കൂലി നൽകിയ മന്ത്രി ആരാണെന്ന് അദ്ദേഹം പക്ഷെ വെളിപ്പെടുത്തിയില്ല. എന്നാൽ പാർട്ടി വിടുമ്പോൾ മന്ത്രിയുടെ പേര് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ആർക്കെതിരെയാണോ അവരോട് ചോദിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി സാവന്തിന്റെ പ്രതികരണം. എന്നാൽ സർക്കാരിനെതിരെ ഉയർന്ന അഴിമതിയാരോപണം അദ്ദേഹം നിഷേധിച്ചില്ല.
Adjust Story Font
16