'സിനിമയിൽ ദുരന്തമായിരുന്നു, ആകെ കിട്ടിയത് കങ്കണയുമായുള്ള സൗഹൃദം': ചിരാഗ് പാസ്വാൻ
സിനിമാ മേഖലക്ക് പറ്റിയയാളല്ലെന്ന് നാട്ടുകാർക്ക് തോന്നുന്നതിനു മുമ്പെ തനിക്ക് സ്വയം തോന്നിയിരുന്നെന്ന് ചിരാഗ്
ന്യൂഡല്‍ഹി: സിനിമയിൽ താനൊരു ദുരന്തമായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും എൽ.ജെ.പി (രാം വിലാസ്) തലവനുമായ ചിരാഗ് പാസ്വാൻ. കങ്കണ റണാവത്തുമായുള്ള സൗഹൃദം മാത്രമാണ് അവിടെ നിന്നും കിട്ടിയ നല്ല കാര്യമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ഇരുവരും സത്യപ്രതിജ്ഞ ചടങ്ങിനുൾപ്പെടെ ഒരുമിച്ചായിരുന്നു എത്തിയത്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഭക്ഷ്യ സംസ്കരണ വകുപ്പാണ് ചിരാഗ് കൈകാര്യം ചെയ്യുന്നത്. 2011ൽ പുറത്തിറങ്ങിയ 'മിലേ നാ മിലേ ഹം' എന്ന ചിത്രത്തിൽ കങ്കണയുടെ നായകനായി ചിരാഗ് അഭിനയിച്ചിരുന്നു. ചിത്രം ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
കുടുംബത്തിൽനിന്ന് സിനിമയിലെത്തുന്ന ആദ്യത്തെയാളായിരുന്നു താൻ. എന്നാൽ സിനിമാ മേഖലയ്ക്ക് പറ്റിയയാളല്ലെന്ന് നാട്ടുകാർക്ക് തോന്നുന്നതിനു മുൻപേ തനിക്ക് സ്വയം തോന്നിയിരുന്നെന്ന് ചിരാഗ് പറഞ്ഞു. ചെറുപ്പംതൊട്ടേ അച്ഛനായ രാം വിലാസ് പാസ്വാനെ കണ്ടാണ് വളർന്നതെന്നും ചിരാഗ് പറയുന്നു.
''നടനെന്ന നിലയില്‍ ഭാഗ്യം പരീക്ഷിച്ചതിന് ശേഷം എനിക്ക് കിട്ടിയ ഒരേയൊരു നല്ല കാര്യം കങ്കണയുമായുള്ള സൗഹൃദമാണ്. ആ ബന്ധം വളരെക്കാലം മുന്നോട്ടുകൊണ്ടുപോയിരുന്നു. പാർലമെൻ്റിൽ കങ്കണയെ കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയായിരുന്നു, കാരണം കഴിഞ്ഞ മൂന്ന് വർഷമായി തിരക്കിലായിരുന്നതിനാല്‍ സൗഹൃദം മുന്നോട്ടുകൊണ്ടുപോകാനായിരുന്നില്ല''- ചിരാഗ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ റണാവത്ത് വിജയിച്ചത്. അതേസമയം കങ്കണയുടെ പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തിന് എന്തെങ്കിലും ടിപ്‌സ് നല്‍കേണ്ടി വന്നോ എന്ന ചോദ്യത്തിന്, കങ്കണയ്ക്ക് ടിപ്‌സുകളൊന്നും ആവശ്യമില്ലെന്നായിരുന്നു ചിരാഗിന്റെ മറുപടി.
Adjust Story Font
16