ഷാരൂഖിന്‍റെ മാനേജര്‍ 50 ലക്ഷം നല്‍കി, പിന്നീട് തിരികെനല്‍കി: വെളിപ്പെടുത്തലുമായി സാം ഡിസൂസ
ആര്യന്‍റെ കയ്യില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും ഗോസാവി പറഞ്ഞു
ആര്യന് ഖാനെ ലഹരിമരുന്ന് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ സാക്ഷി കെ.പി ഗോസാവിക്ക് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഗോസാവിയും പൂജയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായിരുന്ന സാം ഡിസൂസയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ താന്‍ മുന്‍കൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെ നല്‍കി. ഈ ഇടപാടില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് പങ്കില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാം ഡിസൂസ വ്യക്തമാക്കി.
ഒക്ടോബര്‍ മൂന്നാം തിയ്യതി പുലര്‍ച്ചെ നാല് മണിക്കാണ് പൂജ ദദ്‍ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് താന്‍ അവസരമൊരുക്കിയതെന്ന് സാം ഡിസൂസ പറയുന്നു. കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ ശേഷം താന്‍ അവിടെനിന്നു പോയെന്നും ഗോസാവി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പിന്നീട് കേട്ടതെന്നും സാം ഡിസൂസ വ്യക്തമാക്കി.
സമീര്‍ സര്‍ എന്ന പേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നുവെന്ന് സാം ഡിസൂസ പറയുന്നു. ഇത് സമീര്‍ വാങ്കഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ മുന്നില്‍വെച്ച് ഈ നമ്പറില്‍ നിന്ന് ഗോസാവിക്ക് കോള്‍ വരികയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ട്രൂകോളര്‍ പരിശോധിച്ചപ്പോള്‍ ഇത് ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകര്‍ സെയിലിന്‍റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി ചതിക്കുകയാണെന്ന് മനസിലായി. താന്‍ സമ്മര്‍ദം ചെലുത്തി ഈ പണം ഷാരൂഖിന്‍റെ മാനേജര്‍ക്ക് തിരികെ നല്‍കിയെന്നും സാം ഡിസൂസ അവകാശപ്പെട്ടു.
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് തനിക്ക് ഒക്ടോബര്‍ ഒന്നാം തിയ്യതി തന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഡിസൂസ വെളിപ്പെടുത്തി. സുനില്‍ പാട്ടീല്‍ എന്നയാളാണ് കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്നും ഇക്കാര്യം അറിയിക്കാന്‍ എന്‍.സി.ബി ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചത്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരമറിയിക്കുകയായിരുന്നുവെന്ന് സാം ഡിസൂസ പറഞ്ഞു.
ആര്യനെ മുംബൈയിലെ കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗോസാവി തന്നെ വിളിച്ചിരുന്നു. ആര്യന് ഷാരൂഖിന്‍റെ മാനേജറുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യന്‍റെ കയ്യില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും ഗോസാവി പറഞ്ഞു. തുടര്‍ന്നാണ് പൂജയെ വിളിച്ചത്. ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജയെ പരിചയമെന്നും സാം ഡിസൂസ വ്യക്തമാക്കി. താന്‍ ലഹരിമരുന്ന് കച്ചവടക്കാരനാണെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സാം ഡിസൂസ നിഷേധിച്ചു. താന്‍ വ്യവസായി ആയിരുന്നു. ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് വിവരം ലഭിച്ചപ്പോഴെല്ലാം എന്‍സിബിയെ അറിയിച്ചിരുന്നുവെന്നും സാം ഡിസൂസ പറഞ്ഞു.
ഡിസൂസയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങള്‍ പൂജ ദദ്‌ലാനിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നാലെ സാം ഡിസൂസയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
പ്രഭാകര്‍ സെയില്‍ എന്ന സാക്ഷിയുടെ വെളിപ്പെടുത്തലോടെയാണ് സാം ഡിസൂസയുടെ പേര് ഉയര്‍ന്നുവന്നത്. ആര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ 25 കോടിയുടെ ഡീലിനെ കുറിച്ച് സാം ഡിസൂസയും ഗോസാവിയും സംസാരിക്കുന്നത് കേട്ടെന്നായിരുന്നു സെയിലിന്‍റെ വെളിപ്പെടുത്തല്‍. ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്കാണെന്നും കേട്ടെന്ന് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തുകയുണ്ടായി. കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഗോസാവി മഹാരാഷ്ട്ര പൊലീസിന്‍റെ പിടിയിലായി. നേരത്തെ രജിസ്റ്റര്‍ ചെയ്ത ജോലിതട്ടിപ്പ് കേസിലാണ് ഗോസാവി അറസ്റ്റിലായത്.
Adjust Story Font
16