വർഗീയ ശക്തികളുടെ വിജയം താൽക്കാലികം; കേന്ദ്രത്തിലെ ഭരണം അധികകാലം നിലനിൽക്കില്ല: അഖിലേഷ് യാദവ്
കേന്ദ്രം ഭരിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ നിരന്തരം ഗൂഢാലോചന നടത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.
കൊൽക്കത്ത: കേന്ദ്രത്തിലെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വർഗീയ ശക്തികൾ ഇപ്പോൾ നേടിയത് താൽക്കാലിക വിജയം മാത്രമാണെന്നും ആത്യന്തികമായി അവർ പരാജയപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാരക്തസാക്ഷി ദിന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ അധികാരത്തിലെത്തിയവർ ഏതാനും ദിവസത്തേക്ക് അതിഥികളായി വന്നവരാണ്. ഈ സർക്കാർ അധികകാലം നിലനിൽക്കില്ല. എന്ത് വിലകൊടുത്തും അധികാരത്തിലെത്താനാണ് വർഗീയശക്തികൾ ശ്രമിക്കാറുള്ളത്. എന്നാൽ അത് അധികകാലം അതിജീവിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പിയുടെ പേര് പറയാതെയായിരുന്നു അഖിലേഷിന്റെ വിമർശനം.
കേന്ദ്രം ഭരിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ നിരന്തരം ഗൂഢാലോചന നടത്തുകയാണ്. അവർ ഏത് വിധേനയും അധികാരത്തിലെത്താൻ ശ്രമിക്കും. താൽക്കാലികമായി ഇത്തരം ശക്തികൾ വിജയിക്കുമെങ്കിലും അത് അധികകാലം നിലനിൽക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
Adjust Story Font
16