തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കും
വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗൺസിൽ ഈ തീരുമാനം എടുത്തത്
ഡല്‍ഹി: തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എറണാകുളത്തും തിരുവനന്തപുരത്തും ജി.എസ്.ടി ട്രൈബ്യൂണൽ സ്ഥാപിക്കാനും ജി.എസ്.ടി കൗൺസിലിൽ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്പോൾ കൊടുക്കുന്ന അതേ ജി.എസ്.ടി നൽകിയാൽ മതി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗൺസിൽ ഈ തീരുമാനം എടുത്തത്.
മൂന്ന് ജി.എസ്.ടി ട്രൈബ്യൂണൽ സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിലവിൽ രണ്ട് എണ്ണം സ്ഥാപിക്കാനാണ് അനുമതി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബിൽ സമ്പ്രദായത്തിന് അംഗീകാരവും ലഭിച്ചു.
ഓൺലൈൻ ഗെയിമിങ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവക്ക് 28% ജി.എസ്.ടി ഏർപ്പെടുത്തി. അതേസമയം അർബുദ മരുന്നുകളുടെ നികുതി ഒഴിവാക്കും. അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതിയുണ്ടാവില്ല.
Adjust Story Font
16