Quantcast

ആർത്തലച്ചുവരുന്ന വെള്ളം, പുഴയ്ക്ക് നടുവിൽ കാറിന് മുകളിൽ നാല് മണിക്കൂർ; ഒടുവിൽ ആശ്വാസത്തിന്റെ കരതൊട്ട് ദമ്പതികൾ

വാഹനവുമായി പ്രളയജലം പാഞ്ഞു. ഒടുവിൽ ഭാ​ഗ്യവശാൽ കാർ ഒരു പാറയിൽ തടഞ്ഞുനിൽക്കുന്നു. ധൈര്യം കൈവിടാതെ എങ്ങനെയൊക്കെയോ കാറിനകത്തുനിന്നും അവർ മുകളിലേക്ക് കയറി.

MediaOne Logo

Web Desk

  • Updated:

    2024-09-10 02:47:22.0

Published:

10 Sep 2024 2:44 AM GMT

Kerala has no central flood aid; Clarification that after the IMCT report, latest news malayalam, കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയ സഹായമില്ല; ഐഎംസിടി റിപ്പോർട്ടിനു ശേഷമെന്ന് വിശദീകരണം
X

അഹമ്മദാബാദ്: ​കനത്ത മഴയെ തുടർന്നുണ്ടായ വൻ മലവെള്ളപ്പാച്ചിൽ... പ്രാണരക്ഷാർഥം ഓടിരക്ഷപെടുന്ന ആളുകൾ. ഇതിനിടെ കുതിച്ചെത്തിയ വെള്ളത്തിൽ കാർ യാത്രികരായ ദമ്പതികളും ഒഴുക്കിൽപ്പെടുന്നു. വാഹനവുമായി പ്രളയജലം പാഞ്ഞു. ഒടുവിൽ ഭാ​ഗ്യവശാൽ കാർ ഒരു പാറയിൽ തടഞ്ഞുനിൽക്കുന്നു. ധൈര്യം കൈവിടാതെ എങ്ങനെയൊക്കെയോ കാറിനകത്തുനിന്നും അവർ മുകളിലേക്ക് കയറി. പിന്നെ ഒരേയിരിപ്പാണ്. മരണത്തെ മുഖാമുഖം കണ്ട് അങ്ങനെ ആ കാറിനുമുകളിൽ നദിക്കു നടുവിൽ കുത്തിയൊഴുകുന്ന വെള്ളത്തിന് പിടികൊടുക്കാതെ അവർ ഇരുന്നത് നാല് മണിക്കൂറിലേറെ... ഒടുവിൽ ആശ്വാസത്തിന്റെ തീരത്തേക്ക്.

​കനത്ത മഴ നാശം വിതച്ച ​ഗുജറാത്തിലാണ് സംഭവം. സംബർകാന്തയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സുരേഷ്- നൈന മിസ്ത്രി ദമ്പതികൾ സഞ്ചരിച്ച കാർ ഒലിച്ചുപോയത്. കദിയാദര, വടിയവീർ ഗ്രാമങ്ങൾക്കിടയിലുള്ള കരോൾ നദിയിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. ഒന്നര കിലോമീറ്ററോളം ദൂരം ഒഴുക്കിൽപ്പെട്ട ശേഷമാണ് കാർ ഒരു പാറയിൽ തടഞ്ഞുനിന്നത്. ജലനിരപ്പ് ഉയർന്നതോടെ ദമ്പതികൾ കാറിൻ്റെ മുകളിലേക്ക് കയറുകയായിരുന്നു.

ദമ്പതികൾ ഒഴുക്കിൽപ്പെട്ടതറിഞ്ഞ നാട്ടുകാർ നദിയുടെ ഇരുകരയിലും തട‍ിച്ചുകൂടി. ഇതിനിടെ വാഹനത്തിന് മുകളിലിരുന്ന് ധൈര്യവും പ്രതീക്ഷയും കൈവിടാതെ സുരേഷ് അധികാരികളെ ഫോണിൽ ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരും എഡർ മുനിസിപ്പാലിറ്റിയിലെ അഗ്നിശമന സേനയും നദിയിലിറങ്ങി. ഒടുവിൽ നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷം ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ കയറുപയോഗിച്ചാണ് ദമ്പതികളെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്.

സമയബന്ധിതമായി ഇടപെട്ട് തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകയറ്റിയ രക്ഷാപ്രവർത്തകർക്ക് ദമ്പതികൾ നന്ദി പറഞ്ഞു. 'വെള്ളം ഉയർന്നുയർന്ന് ഞങ്ങളുടെ കഴുത്തൊപ്പം എത്തിയിരുന്നു. ഞങ്ങൾ മരിക്കാൻ പോവുകയാണെന്ന് വരെ തോന്നി. പക്ഷേ, അവിടെത്തന്നെ ഇരിക്കൂ, അനങ്ങരുതെന്ന് നാട്ടുകാർ ഞങ്ങളോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഞങ്ങൾ അതുപോലെ ചെയ്തു'- നൈന മിസ്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ​ഗുജറാത്തിൽ കനത്ത മഴയിലും പ്രളയത്തിലും 35ലേറെ പേർ മരിച്ചിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലാണ്. വെള്ളം ഉയരുന്നതും മഴ തുടരുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.



TAGS :

Next Story