പശുക്കടത്ത് കേസ്: രണ്ടുപേരെ വെറുതെവിട്ട് ഗുജറാത്ത് കോടതി, പൊലീസിനെതിരെ നടപടിക്ക് നിർദേശം
‘കേസ് കെട്ടിച്ചമച്ചതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും രണ്ട് സാക്ഷികൾക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണം’
ഗാന്ധിനഗർ: പശുക്കടത്ത് കേസിൽ രണ്ടുപേരെ വെറുതെവിട്ട് ഗുജറാത്ത് കോടതി. പാഞ്ച്മഹൽ ജില്ലാ കോടതിയുടേതാണ് വിധി. കേസ് കെട്ടിച്ചമച്ചതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും രണ്ട് സാക്ഷികൾക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. നാസിർ മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദാവൽ എന്നിവരെയാണ് വെറുതെവിട്ടത്. അഞ്ചാം അഡീഷനൽ ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യയുടേതാണ് വിധി.
2020 ജൂലൈയിലാണ് കേസ് ഫയൽ ചെയ്യുന്നത്. നാസിർ മിയാനും ഇല്യാസ് മുഹമ്മദും കശാപ്പിനായി പശുക്കളെ കടത്തിയെന്നാണ് കേസ്. 2017ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം, 1860 മൃഗങ്ങളോടുള്ള ക്രൂരത നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇരുവരും ജാമ്യം ലഭിക്കുന്നത് വരെ 10 ദിവസത്തോളം പൊലീസ് കസ്റ്റഡിയിലായിരുന്നു.
കുറ്റാരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വിചാരണവേളയിൽ കോടതി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവിനെയും സ്വയംപ്രഖ്യാപിത പശു സംരക്ഷകൾ ഉൾപ്പെടെയുള്ള സാക്ഷികളുടെ പങ്കാളിത്തത്തെയും കോടതി വിമർശിച്ചു. ഇതിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 248ാം സെക്ഷൻ പ്രകാരം ക്രിമിനൽ പരാതികൾ ഫയൽ ചെയ്യാൻ ജില്ലാ കോടതി രജിസ്ട്രാർക്ക് കോടതി നിർദേശം നൽകി.
അസിസ്റ്റൻറ് ഹെഡ് കോൺസ്റ്റബിൾമാരായ രമേശ് ഭായ് നരൂത് സിങ്, ശങ്കർ സിങ്, പൊലീസ് സബ് ഇൻസ്പെക്ടർ എം.എസ് മോനിയ എന്നിവർക്കെതിരെയാണ് നടപടിക്ക് നിർദേശം നൽകിയത്. കൂടാതെ ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പാഞ്ച്മഹൽ എസ്പിയോട് നിർദേശിച്ചു.
കേസിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. അഞ്ച് സാക്ഷികളും പ്രദേശവാസികളല്ല, ഇവരെ 10 കിലോമീറ്റർ അകലെനിന്ന് വിളിച്ചുവരുത്തിയതാണ്. ഇത് അവരുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. പശുക്കളെ പാലിനായി കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് അസിസ്റ്റൻറ് ഹെഡ് കോൺസ്റ്റബിൾ ബരിയ വിശദമായ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇത് പശുക്കടത്ത് കശാപ്പിനാണെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണ്. കുറ്റാരോപിതർക്ക് അനാവശ്യ നടപടികളാണ് നേരിടേണ്ടി വന്നത്. അന്വേഷണ പ്രക്രിയ നീതിപൂർവവും സമഗ്രവുമായിരുന്നില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
പിടികൂടിയ കന്നുകാലികളെ ഉടൻ കുറ്റാരോപിതർക്ക് വിട്ടുകൊടുക്കാനും കോടതി നിർദേശിച്ചു. നിലവിൽ ഇവ ഷെൽട്ടർ ഹോമിലാണുള്ളത്. 30 ദിവസത്തിനുള്ളിൽ ഇവയെ വിട്ടുകൊടുത്തില്ലെങ്കിൽ പശുക്കളുടെ വിലയായ 80,000 രൂപ നഷ്ടപരിഹാരമായി നൽകുകയും വേണം.
Adjust Story Font
16