മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ചവർ രക്തം ഛർദിച്ച സംഭവം; റസ്‌റ്റോറന്റ് മാനേജർ അറസ്റ്റിൽ
മൗത്ത് ഫ്രഷ്‌നറായി ഡ്രൈ ഐസാണ് നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
ഗുരുഗ്രാം: ഭക്ഷണം കഴിച്ചതിന് ശേഷം 'മൗത്ത് ഫ്രെഷ്‌നർ' ഉപയോഗിച്ചവർ രക്തം ഛർദിച്ച് അവശരായ സംഭവത്തിൽ റസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. രക്തം ഛർദിച്ച് അവശരായ അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്റ്റോറന്റിൽ മൗത്ത് ഫ്രഷ്‌നറായി ഡ്രൈ ഐസാണ് നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ചവർ രക്തം ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ ജീവനക്കാർക്കും റസ്റ്റോറന്റ് ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. റസ്റ്റോറന്റിന്റെ മാനേജരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മനേസർ പൊലീസ് ഓഫീസർ സുരേന്ദർ ഷിയോറൻ എഎൻഐയോട് പറഞ്ഞു.
ഗുരുഗ്രാമിലെ സെക്ടർ 90 ലെ ലാഫോറെസ്റ്റ കഫേയിൽ നിന്ന് ഭക്ഷണം കഴിച്ച അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. 'അവർ മൗത്ത് ഫ്രഷ്‌നറിൽ എന്താണ് കലർത്തിയതെന്ന് മനസിലാകുന്നില്ല. എല്ലാവരും ഛർദിച്ചു, ഞങ്ങളുടെ നാവിൽ മുറിവുണ്ട്, വായ പൊള്ളുന്നതു പോലെ തോന്നി. ഏത് തരം ആസിഡാണ് അവർ നൽകിയതെന്ന് അറിയില്ല'' അങ്കിത് കുമാർ പറഞ്ഞു. മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് താനൊരു ഡോക്ടറെ കാണിച്ചപ്പോൾ ഡ്രൈ ഐസ് ആണെന്നും മരണത്തിലേക്ക് നയിച്ചേക്കാവുന്ന ആസിഡാണെന്നുമാണ് ഡോക്ടർ പറഞ്ഞതെന്നും അങ്കിത് കുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇവരുടെ അവസ്ഥ മോശമായിട്ടും റസ്റ്റോറൻറ് അധികൃതർ നിസ്സംഗത പാലിക്കുകയാണെന്നും അവിടെയുണ്ടായിരുന്നവർ ആരോപിച്ചിരുന്നു. തുടർന്ന് സംഘം ഗുരുഗ്രാം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസാണ് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
Adjust Story Font
16