ഗ്യാന്‍വാപി: ഹിന്ദു സ്ത്രീകളുടെ ഹരജി നിലനില്‍ക്കുമെന്ന് കോടതി, തുടര്‍വാദം ഈ മാസം 22ന്
ഹരജി നിലനില്‍ക്കില്ലെന്ന പള്ളി കമ്മിറ്റി വാദം കോടതി തള്ളി
ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ നിത്യാരാധന നടത്താന്‍ അനുവാദം തേടി ഒരുകൂട്ടം ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജികള്‍ നിലനില്‍ക്കുമെന്ന് വാരാണസി ജില്ലാ കോടതി. ഹരജി നിലനിൽക്കില്ലെന്ന പള്ളി കമ്മിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. 1991ലെ ആരാധനാലയ സംരക്ഷണ നിയമ പ്രകാരം ഹരജിയിലെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം. ഹരജിയിലെ തുടര്‍വാദം ഈ മാസം 22ന് തുടങ്ങും.
വാരാണസിയിൽ സ്ഥിരതാമസമാക്കിയ ഡൽഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പഥക് എന്നീ അഞ്ചു സ്ത്രീകൾ പള്ളിയുടെ പുറംഭിത്തിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ ഹരജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ.കെ വിശ്വേശ വിധി പറഞ്ഞത്.
കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ലാ കോടതിയിലേക്ക് സുപ്രിംകോടതിയാണ് കേസ് മാറ്റിയത്. വിഷയത്തിന്റെ സങ്കീർണത കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹരജിയുടെ അടിസ്ഥാനത്തിൽ ഗ്യാൻവാപി പള്ളിയുടെ ചിത്രീകരണം നടത്താൻ വാരാണസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിലെ ചിത്രീകരണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വാരാണസി കോടതിയിൽ സമർപ്പിച്ചു. ഇരുവിഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷം ഇന്നാണ് വിധി പറഞ്ഞത്.
ഈ മാസം 22ന് തുടർ വാദം ആരംഭിക്കുമ്പോൾ നിത്യാരാധന അനുവദിക്കേണ്ടതുണ്ടോ എന്ന് കോടതി തീരുമാനിക്കും. ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിക്കും. വിധി വന്ന ശേഷം ഹരജിക്കാരായ സ്ത്രീകൾ കോടതിക്ക് പുറത്ത് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ചു.
Adjust Story Font
16