Quantcast

ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയത് എവിടെ?- സുപ്രിംകോടതി

"ആരാധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്"

MediaOne Logo

Web Desk

  • Updated:

    2022-05-17 11:59:22.0

Published:

17 May 2022 11:45 AM GMT

ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയത് എവിടെ?- സുപ്രിംകോടതി
X

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരാണസി കോടതി വിധി പരമോന്നത കോടതി സ്‌റ്റേ ചെയ്തു. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. വാരാണസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രാദേശിക കോടതി ഉത്തരവിട്ട വീഡിയോഗ്രഫി സർവേയ്‌ക്കെതിരെ അഞ്ജുമാൻ ഇൻതിസാമിയ്യ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. 1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡണ്ടും ഹരജി സമർപ്പിച്ചിരുന്നു.

പള്ളിയുടെ ഭാഗം സീൽ ചെയ്യാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹ്‌മദി പറഞ്ഞു. 'പരിശോധനയ്ക്ക് ശേഷം കെട്ടിടത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹർജി ഫയൽ ചെയ്യപ്പെട്ടു. ദൗർഭാഗ്യവശാൽ ഹരജി കോടതി അംഗീകരിച്ചു. പ്രദേശം സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ആരാധനാലയങ്ങളുടെ തനതുസ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിയമം പാലിക്കപ്പെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണം. ഉത്തരവുകളെല്ലാം പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

'കോടതി നിയോഗിച്ച കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കമ്മിഷണർ വുസുഖാനയ്ക്ക് അടുത്ത് ശിവലിംഗം കണ്ടു എന്ന് പറഞ്ഞ് ഹർജി സമർപ്പിക്കപ്പെടുയായിരുന്നു. കോടതി ഈ വാദം കേട്ട് ഈ ഭാഗം സീൽ ചെയ്യാൻ ഉത്തരവിട്ടു. മസ്ജിദിലേക്കുള്ള പ്രവേശനം ഇപ്പോൾ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ആ സ്ഥലം സീൽ ചെയ്യാനാകുക. നിയമപരമല്ലാത്ത നിരവധി ഉത്തരവുകളാണ് ഉണ്ടായത്.' - അഭിഭാഷകന്‍ വാദിച്ചു.

പരാതിക്കാർക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ ഹരി ശങ്കർ ജയിൻ കോടതിയിലെത്തിയില്ല. എതിർ അഭിഭാഷകൻ എവിടെ എന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ചോദ്യത്തിന്, ഹരി ശങ്കർ ജയിന് ഹൃദയാഘാതമുണ്ടായി എന്നും ഇപ്പോൾ ആശുപത്രിയിലാണ് എന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്. ശിവലിംഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗം സംരക്ഷിക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുമെന്ന് കോടതി പറഞ്ഞു. എന്നാൽ മുസ്‌ലിംകളുടെ ആരാധനാ കർമങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഇന്നലെയാണ് മസ്ജിദിൽ സർവേ ആരംഭിച്ചത്. ഇരുകക്ഷികൾ, അവരുടെ അഭിഭാഷകർ, മൂന്ന് കോടതി കമ്മിഷണർമാർ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയായിരുന്നു സർവേ. സർക്കാർ പ്രതിനിധികളും പൊലീസ് കമ്മിഷണറും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു.

സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വരാണസി കോടതി നിയോഗിച്ച കമ്മിഷൻ രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മസ്ജിദിലെ അംഗശുദ്ധിയെടുക്കുന്ന സ്ഥലത്തു നിന്ന് (ഹൗള്) ശിവലംഗം കണ്ടെത്തി എന്ന അവകാശവാദത്തെ തുടർന്നാണ് സ്ഥലം ജില്ലാ ഭരണകൂടം സീല്‍ ചെയ്തത്.

എന്താണ് പ്രശ്നം

ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് 1991ൽ വാരാണസി കോടതിയിലാണ് ആദ്യമായി ഹർജി സമർപ്പിക്കപ്പട്ടെത്. എന്നാല്‍ 2021 ഏപ്രിൽ 18നാണ്, സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) രവി കുമാർ ദിവാകർ വീഡിയോ സർവേക്ക് ഉത്തരവിട്ടത്. ഡൽഹി നിവാസികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. 1991ലെ പ്ലേസസ് ഓഫ് വർഷിപ്പ് ആക്ട് ഉദ്ധരിച്ച് ഒരു തരത്തിലുള്ള സർവേയും പാടില്ല എന്നാണ് മുസ്‌ലിം കക്ഷികൾ ആവശ്യപ്പെടുന്നത്. 1947 ആഗസ്ത് 15 മുതൽ നിലവിലുള്ള ആരാധനാലയങ്ങൾ തൽസ്ഥിതി തുടരണം എന്ന് നിഷ്കർഷിക്കുന്നതാണ് ഈ നിയമം.

കോടതിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അവസരം തന്നില്ല എന്നാണ് അഞ്ജുമൻ ഇൻതിസാമിയ്യ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് യാസിൻ പറയുന്നത്. വുസുഖാനയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന വാദങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. മുഗൾ കാലത്ത് നിർമിച്ച പള്ളിയിലെ ജലധാരയാണ് അതെന്നാണ് മുസ്‌ലിം വിഭാഗം പറയുന്നത്. ഒരുപാട് പള്ളികളിൽ ഇത്തരത്തിൽ ജലധാരയുണ്ട് എന്നും യാസിൻ പറയുന്നു.

വിഖ്യാതമായ കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിലാണ് ഗ്യാൻവാപി പള്ളി നിലനിൽക്കുന്നത്.

TAGS :

Next Story