Quantcast

മകന്‍റെ ഫീസ് അടയ്ക്കാൻ യാചിക്കേണ്ടിവന്നു, കെജ്‌രിവാളിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായി; വെളിപ്പെടുത്തലുമായി മനീഷ് സിസോദിയ

‘കുടുക്കിയത് കെജ്‌രിവാളാണെന്നും രക്ഷപ്പെടണമെങ്കിൽ കെജ്‌രിവാളിനെതിരെ മൊഴി നൽകണമെന്നും അവർ ആവശ്യപ്പെട്ടു​’

MediaOne Logo

Web Desk

  • Published:

    23 Sep 2024 6:45 AM GMT

മകന്‍റെ ഫീസ് അടയ്ക്കാൻ യാചിക്കേണ്ടിവന്നു, കെജ്‌രിവാളിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായി; വെളിപ്പെടുത്തലുമായി മനീഷ് സിസോദിയ
X

ഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയവെ അരവിന്ദ് കെജ്‌രിവാളിനെതിരെ മൊഴി നൽകാൻ കനത്ത സമ്മർദ്ദമുണ്ടായെന്ന് ആംആദ്മി നേതാവ് മനീഷ് സിസോദിയയുടെ വെളിപ്പെടുത്തൽ. കെജ്‌രിവാളിനെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് ചിലർ ജയിലിൽ തന്നെ സമീപിച്ചു. കുടുക്കിയത് കെജ്‌രിവാളാണെന്നും രക്ഷപ്പെടണമെങ്കിൽ കെജ്‌രിവാളിനെതിരെ മൊഴി നൽകണമെന്നും അവർ ആവശ്യപ്പെട്ടതായി സിസോദിയ പറഞ്ഞു.

ജന്തർ മന്തറിൽ നടന്ന ആപ്പിന്റെ ജനതാ അദാലത്തിൽ സംസാരിക്കുമ്പോഴായിരുന്നു സിസോദിയയുടെ വെളിപ്പെടുത്തൽ. ‘ഇഡിയുൾപ്പടെയുള്ള അന്വേഷണസംഘം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടക്കാൻ യാചി​ക്കേണ്ടിവന്നെന്നും സിസോദിയ പറഞ്ഞു. 2002 ൽ, ഞാനൊരു മാധ്യമപ്രവർത്തകനായിരുന്ന കാലത്താണ് അഞ്ച് ലക്ഷം രൂപക്ക് ഒരു ഫ്ലാറ്റ് വാങ്ങുന്നത്. അത് അവർ കണ്ടു​കെട്ടി. അക്കൗണ്ടിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ ഇഡി മരവിപ്പിച്ചു. മകന്റെ ഫീസ് അടക്കാൻ മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥയുണ്ടായി’ സിസോദിയ പറഞ്ഞു.

പരിപാടിയിൽ പ​ങ്കെടുത്ത​ കെജ്‌രിവാളും ബിജെപിക്കെതിരെ രൂക്ഷവിമർശനമാണുന്നയിച്ചത്. മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തതുകൊണ്ടാണ് താൻ രാജിവച്ചതെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങൾക്കെതിരെ ഗൂഢാലോചന നടത്തി. ഞാനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തി. ഞങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ മോദി ശ്രമിച്ചുവെന്നും കെജ്‌രിവാൾ പറഞ്ഞു.

സത്യസന്ധതയോടെയാണ് താൻ പത്ത് വർഷം സർക്കാരിനെ നയിച്ചത്. എന്നാൽ തന്റെ സത്യസന്ധതയെ ആക്രമിക്കുക മാത്രമാണ് തന്നെ അതിജയിക്കാനുള്ള ഏക മാർഗമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നി. മുഖ്യമന്ത്രി സ്ഥാനത്തിന് ആർത്തിയില്ലാത്തതുകൊണ്ടാണ് താൻ രാജിവച്ചത്. താൻ പണമുണ്ടാക്കാൻ വന്നവനല്ല. രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കാൻ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ സെപ്റ്റംബർ 13ന് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കെജ്‌രിവാൾ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയും സെപ്റ്റംബർ 17ന് സ്ഥാനമൊഴിയുകയുമായിരുന്നു. ഇതേ കേസിൽ 2023ൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ വർഷം ആഗസ്റ്റിലാണ് 17 മാസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെജ്‌രിവാൾ രാജിവച്ചതിനെ തുടർന്ന് മന്ത്രി അതിഷി മർലേനയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

TAGS :

Next Story