ഹനുമന്ദ റാവു ടി.ആർ.എസ്സിൽ ചേർന്നുവെന്ന് സോഷ്യൽ മീഡിയ; മോർഫ് ചിത്രങ്ങള്‍ക്കെതിരെ പരാതി നൽകി റാവു
താന്‍ കോൺഗ്രസിന് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചതെന്നും മരിക്കുന്നത് വരെ കോൺഗ്രസുകാരനായി തുടരുമെന്നും ഹനുമന്ദ റാവു
തെലങ്കാന കോൺഗ്രസിലെ മുതിർന്ന നേതാവ് ഹനുമന്ദ റാവു കോൺഗ്രസ് വിട്ട് തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസ്സിൽ ചേർന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണങ്ങളാണ് കഴിഞ്ഞ ദിവങ്ങളിൽ നടന്നത്. ഇതിന് തെളിവായി അദ്ദേഹം ടി.ആർ.എസ്സിൽ അംഗത്വമെടുക്കുന്ന തരത്തിൽ ചില ചിത്രങ്ങളും പ്രചരിച്ചു. എന്നാൽ ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹനുമന്ദ റാവു. തന്റേത് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങളൊക്കെ മോർഫ് ചെയ്തവയാണെന്നും താൻ കോൺഗ്രസ് വിട്ട് എങ്ങും പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ കോൺഗ്രസിന് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. മരിക്കുന്നത് വരെ ഞാൻ ഒരു കോൺഗ്രസുകാരനായി തുടരും. എന്‍റേത് എന്ന രീതീയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ മുഴുവനും മോർഫ് ചെയ്യപ്പെട്ടവയാണ്. ഇതിനെതിരെ സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്"- ഹനുമന്ദ റാവു പറഞ്ഞു.
തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളായ ജഗ്ഗറെഡ്ഡിയും ഹനുമന്ത റാവുവും മുഖ്യമന്തി ചന്ദ്രശേഖരറാവുവിനൊപ്പം നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ടി.ആർ.എസ്സിൽ ചേർന്നു എന്ന തലക്കെട്ടില്‍ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
തെലങ്കാനയിലെ പല രാഷ്ട്രീയനേതാക്കളും തന്നെ വിളിച്ച് എപ്പോഴാണ് ടി.ആർ.എസ്സിൽ ചേരുന്നത് എന്ന് ചോദിച്ചെന്നും തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനേറ്റ കളങ്കമാണിതെന്നും റാവു പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസ് ജാഗരൂകരാവണമെന്നും ഹനുമന്ദറാവു കൂട്ടിച്ചേർത്തു.
Adjust Story Font
16