കോച്ചിങ് സെന്റർ വിദ്യാർഥികളുടെ മരണം: രാഷ്ട്രീയക്കാർ രാഷ്ട്രീയഭേദമന്യേ ഉത്തരവാദിത്വമേറ്റെടുത്ത് പ്രവർത്തിക്കണമെന്ന് ഹാരിസ് ബീരാൻ എം.പി
കോച്ചിങ് സെന്ററുകൾക്ക് കൃത്യവും മാതൃകാപരവുമായ പ്രവർത്തനരീതിയും അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പ്രത്യേക സംവിധാനവും കൊണ്ടുവരണം.
ന്യൂഡൽഹി: ഡൽഹി രാജേന്ദ്ര നഗറിലെ കോച്ചിങ് സെന്ററിൽ സംഭവിച്ചത് അങ്ങേയറ്റം വൈകാരികമാണെന്നും രാഷ്ട്രീയക്കാർ പരസ്പരം പഴിചാരാതെ നൂറുക്കണക്കിന് വരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും സുരക്ഷിതത്വം മുൻനിർത്തി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള എം.പിമാർ അടക്കം നിരവധി അംഗങ്ങൾ രാജ്യസഭയിൽ ഇന്നലെ രാവിലെ സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസിലാക്കി ചെയർമാൻ പ്രത്യേകം വിളിച്ച ‘പരിമിത സമയ ചർച്ചയിലാണ്’ ശാശ്വത പരിഹാരങ്ങൾക്കുള്ള നിർദേശങ്ങൾ ഹാരിസ് ബീരാൻ മുന്നോട്ടുവച്ചത്.
കോച്ചിങ് സെന്ററുകൾക്ക് കൃത്യവും മാതൃകാപരവുമായ പ്രവർത്തനരീതിയും അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പ്രത്യേക സംവിധാനവും കൊണ്ടുവരണം. ഇവയ്ക്ക് നിയമപരിരക്ഷ ഏർപ്പെടുത്തണം. പ്രഫഷണൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകളിന്മേലുള്ള മത്സരയോട്ടമാണ് മറ്റൊരു പ്രധാന കാരണം. അതിനാൽ സ്കിൽ ബേസ്ഡ് വിദ്യാഭ്യാസവും അതിന്റെ സാധ്യതകളും വർധിപ്പിക്കണം.
കൂടാതെ, ഡൽഹിയിലെ വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഡ്രൈനേജ് സംവിധാനവും എത്രയുംവേഗം ശാസ്ത്രീയമായി പുനക്രമീകരിക്കണം. രാജ്യതലസ്ഥാനത്തെ ബേസ്മെന്റുകൾ ഇത്തരത്തിൽ നിയമവിരുദ്ധ രീതിയിൽ ഉപയോഗിക്കുന്നത് വ്യാപകമാണ്. അതിനാലാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ സമീപം ഇത്തരമൊരു ദുരന്തമുണ്ടായത് അങ്ങേയറ്റം ലജ്ജാവഹമാണെന്നും എം.പി കൂട്ടിച്ചേർത്തു.
Adjust Story Font
16