Quantcast

ശരത് പവാറുമായി രണ്ടര മണിക്കൂർ രഹസ്യ കൂടിക്കാഴ്ച; ബി.ജെ.പി നേതാവ് ഹർഷ്‌വർധൻ പാട്ടീൽ എൻ.സി.പിയിലേക്ക്?

മഹാരാഷ്ട്രയിലെ മറ്റൊരു പ്രമുഖ ബി.ജെ.പി നേതാവ് സമര്‍ജിത് സിങ്ങും എന്‍.സി.പിയില്‍ ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-08-28 08:17:03.0

Published:

28 Aug 2024 8:16 AM GMT

Former Maharashtra minsiter Harshvardhan Patil meets NCP leader Sharad Pawar, to quit BJP: Reports, Maharashtra assembly polls 2024,
X

ഹർഷ്‌വർധൻ പാട്ടീൽ, ശരത് പവാര്‍

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മഹായുതി സഖ്യത്തിൽ അജിത് പവാർ എൻ.സി.പിയെ പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ പാർട്ടിയിൽ ചില നേതാക്കന്മാർ മറ്റു പാർട്ടികളിലേക്കു കൂടുമാറാൻ നീക്കം നടത്തുന്നതായുള്ള സൂചനകളാണു വരുന്നത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഹർഷ്‌വർധൻ പാട്ടീൽ എൻ.സി.പി തലവൻ ശരത് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതാണു പുതിയ അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഇതിനു പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൂനെയിലെ മഞ്ജരിയിലാണ് ഹർഷ്‌വർധൻ പാട്ടീലും പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നത്. വസന്ത്ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു നാഷനൽ ഫെഡറേഷൻ ഓഫ് കോ-ഓപറേറ്റീവ് ഷുഗർ ഫാക്ടറീസ്(എൻ.എസ്.സി.എസ്.എഫ്) അധ്യക്ഷൻ കൂടിയായ പാട്ടീൽ. മുതിർന്ന കോൺഗ്രസ് നേതാവ് ദിലീപ് ദേശ്മുഖ് ഉൾപ്പെടെയുള്ള നേതാക്കളും അവലോകന യോഗത്തിൽ സംബന്ധിച്ചിരുന്നു.

ഇതിനുശേഷമാണ് പവാറും പാട്ടീലും തമ്മിൽ അടച്ചിട്ട മുറിയിൽ രണ്ടര മണിക്കൂറിലേറെ ചർച്ച നടത്തിയത്. ഇതിനു പിന്നാലെയാണ് പാട്ടീൽ ബി.ജെ.പി വിടുമെന്ന വാർത്തകൾ പ്രചരിച്ചത്. മഹാരാഷ്ട്രാ ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വാർത്തകളോട് പ്രതികരിച്ചു നടത്തിയ പരാമർശങ്ങൾ അഭ്യൂഹങ്ങൾ ശക്തമാക്കുകയും ചെയ്തു. പാർട്ടി വിട്ടുപോകേണ്ടവർക്കെല്ലാം പോകാമെന്നായിരുന്നു ബവൻകുലെ പറഞ്ഞത്. ഇതോടെ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരണവുമായി പാട്ടീൽ തന്നെ രംഗത്തെത്തി.

ഇന്ന് പവാറുമായി സംസാരിച്ചിരുന്നു. എന്നാലത് രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നാണ് ഹർഷ്‌വർധൻ പാട്ടീൽ വ്യക്തമാക്കിയത്. ബവൻകുലെ ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്നു വ്യക്തമല്ല. ഞാൻ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെയും ആരെയും ബന്ധപ്പെട്ടിട്ടുമില്ല. ആരും എന്നെ സമീപിച്ചിട്ടുമില്ല. അതേസമയം, ഇന്ദാപൂർ സീറ്റിൽ മത്സരിക്കണമെന്ന് പ്രവർത്തകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നതു വാസ്തവമാണ്. ഇക്കാര്യത്തിൽ ഫഡ്‌നാവിസ് ആണു വ്യക്തത വരുത്തേണ്ടതെന്നും ഹർഷ്‌വർധൻ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

2019 വരെ പൂനെയിലെ ഇന്ദാപൂരിൽനിന്നു നാലു തവണ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയ ഹർഷ്‌വർധൻ പാട്ടീൽ പലതവണ മന്ത്രിയുമായിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് അദ്ദേഹം ബി.ജെ.പിയിലേക്കു കൂടുമാറുന്നത്. എന്നാൽ, അന്ന് എൻ.സി.പി സ്ഥാനാർഥി ദത്താത്രേയ ബാർണെയോട് അദ്ദേഹം പരാജയപ്പെട്ടു. അജിത് പവാർ മഹായുതി സഖ്യത്തോടൊപ്പം ചേർന്നപ്പോൾ കൂടെപ്പോയ എം.എൽ.എമാരിൽ ഒരാളാണ് ബാർണെ. കൂടെയുള്ള സിറ്റിങ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കുമെന്ന് അടുത്തിടെ അജിത് പവാർ വ്യക്തമാക്കിയിരുന്നു. അതിനാൽ ബാർണെ തന്നെയായിരിക്കും വീണ്ടും ഇന്ദാപൂരിൽ മത്സരിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യം പരസ്യമാക്കി ബി.ജെ.പി നേതാവ് ഹർഷ്‌വർധൻ പാട്ടീൽ എത്തുന്നത്. പൂനെയിൽ അജിത് പക്ഷം എൻ.സി.പി എം.എൽ.എമാരുടെ മിക്ക മണ്ഡലങ്ങളിലും പ്രാദേശിക ബി.ജെ.പി നേതാക്കൾ മത്സരിക്കാൻ ആഗ്രഹവുമായി എത്തിയിട്ടുണ്ട്. അജിത് പവാർ വഴങ്ങിയില്ലെങ്കിൽ ബി.ജെ.പിയിൽനിന്ന് ശരത് പവാർ എൻ.സി.പിയിലേക്കു കൂട്ട കൊഴിഞ്ഞുപോക്കിനുള്ള സാധ്യത തെളിയുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പാട്ടീൽ-പവാർ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. കോലാപ്പൂര്‍ ജില്ലാ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ സമര്‍ജിത് സിങ് ഗറ്റാഡെയും എന്‍.സി.പിയില്‍ ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് ഫഡ്‌നാവിസ് തന്നെ വിശദീകരണവുമായി എത്തിയത്. പാട്ടീൽ മാത്രമല്ല, ഒരു നേതാവും പാർട്ടി വിട്ടുപോകില്ലെന്നാണ് ബി.ജെ.പി നേതാവ് വ്യക്തമാക്കിയത്. ആളുകൾ കൂടിക്കാഴ്ച നടത്തുന്നതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. ബി.ജെ.പി ശക്തമായ പാർട്ടിയാണ്. പാർട്ടിയിലേക്ക് മറ്റു പാർട്ടികളിൽനിന്നുള്ള നേതാക്കന്മാരുടെ വൻ ഒഴുക്കാണു നടക്കുന്നത്. കഴിഞ്ഞ ആഴ്ച തന്നെ നിരവധി പേർ ബി.ജെ.പിയിൽ ചേർന്നു. ഇനിയും കൂടുതൽ പേർ എത്തുമെന്നം അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് സമയങ്ങളിൽ ചിലർ പാർട്ടികൾ മാറുന്നതൊക്കെ സ്വാഭാവികമാണെന്നും ഫഡ്‌നാവിസ് സൂചിപ്പിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽനിന്നു കരകയറാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ബി.ജെ.പി. അതിനിടെയാണ്, അജിത് എൻ.സി.പി ഒരു തലവേദനായി മാറുന്നത്. എൻ.സി.പിയുമായുള്ള കൂട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ തിരിച്ചടിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ് നേതാക്കളും പ്രസിദ്ധീകരണങ്ങളുമെല്ലാം പരസ്യമായി വിമർശിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിൽ തന്നെ വലിയൊരു വിഭാഗം ഇതേ വികാരം പങ്കുവയ്ക്കുന്നുണ്ട്. മഹായുതി സർക്കാരിൽ എൻ.സി.പിക്ക് സുപ്രധാന വകുപ്പുകൾ നൽകിയതിൽ അതൃപ്തിയുള്ളവരുമുണ്ട്. ഇതിനിടെയാണ് പൂനെയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എമാർ നേതൃത്വത്തെ സമീപിക്കുന്നത്.

ഇതോടെ, അജിത് എൻ.സി.പിക്ക് പൂനെയിലെ നഗരത്തിനു പുറത്തെ മണ്ഡലങ്ങളിൽ മാത്രം സീറ്റ് നൽകാൻ ബി.ജെ.പി ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ അജിത് പവാർ കൂടുതൽ അവകാശവാദങ്ങൾ ഉയന്നയിക്കാൻ സാധ്യതയുണ്ടെന്നു മുൻകൂട്ടിക്കണ്ടാണ് ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. അജിതിന് കൂടുതൽ സൂറ്റുകൾ വിട്ടുനൽകിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു സമാനമായ ഫലമായിരിക്കും നിയമസഭയിലും ആവർത്തിക്കുകയെന്ന ഭീതി ബി.ജെ.പിക്കുണ്ട്. അതുകൊണ്ടാണ് നേരത്തെ തന്നെ ചരടുവലികൾ ആരംഭിച്ചിരിക്കുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളുമായി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ചർച്ച തുടരുകയാണെന്നാണു വിവരം.

പൂനെ ജില്ലയിലെ ഗ്രാമീണ മേഖലയിൽ മാത്രം എൻ.സി.പിക്ക് സീറ്റ് നൽകിയാൽ മതിയെന്നാണ് ഇപ്പോൾ ധാരണ. നഗരമണ്ഡലങ്ങളിൽ ബി.ജെ.പി തന്നെ മത്സരിക്കും. സഖ്യകക്ഷികളുമായി ഔദ്യോഗികമായി ചർച്ച ആരംഭിക്കുംമുൻപ് തന്നെ സീറ്റ് വിഭജന ഫോർമുല അന്തിമമാക്കാനാണ് ബി.ജെ.പി നേതൃത്വം നീക്കംനടത്തുന്നത്. ഇതിനുശേഷം മാത്രം ഷിൻഡെ ശിവസേനയുമായും അജിത് എൻ.സി.പിയുമായും ചർച്ച നടത്തിയാൽ മതിയെന്നാണു തീരുമാനം.

Summary: Former Maharashtra minsiter Harshvardhan Patil meets NCP leader Sharad Pawar, to quit BJP: Reports

TAGS :

Next Story