ഹരിയാന നൂഹിലെ സംഘർഷം സമീപ ജില്ലകളിലേക്കും; ഗുരുഗ്രാമിൽ കടകൾക്ക് തീയിട്ടു
വിശ്വഹിന്ദു പരിഷത്ത് ഇന്നലെ നടത്തിയ ഘോഷയാത്ര തടഞ്ഞുവെന്നാരോപിച്ച് തുടങ്ങിയ സംഘർഷമാണ് വ്യാപകമായ അക്രമങ്ങളിൽ കലാശിച്ചത്
ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷം സമീപ ജില്ലകളിലേക്ക് പടരുന്നു. ഗുരുഗ്രാമിൽ അക്രമിസംഘം കടകൾ തല്ലിത്തകർക്കുകയും തീയിടുകയും ചെയ്തു. ഗുഡ്ഗാവിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. അക്രമത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ അഞ്ച് ആയി. ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ നൂഹിൽ സമാധാന സംഘം യോഗം ചേർന്നു.
ഗുരുഗ്രാമിലെ ബാദ്ഷാഹ്പൂരിലാണ് അക്രമിസംഘം കടകൾക്ക് തീയിട്ടത്. ഇന്ന് വൈകുന്നേരം 3 മണിയോടെ കടകളിലേക്ക് ഇരച്ചെത്തിയ സംഘം വടിയും കല്ലുകളുമുപയോഗിച്ച് കടകൾ തകർക്കുകയും ശേഷം തീയിടുകയുമായിരുന്നു. അക്രമങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗുഡ്ഗാവ് സെക്ടർ 57ലെ പള്ളിക്ക് നേരെയാണ് അക്രമമുണ്ടായത്. ഈ പള്ളിക്കുനേരെ സമീപകാലത്ത് പലതവണ ആക്രമണം നടന്നിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഹരിയാന സർക്കാർ അടിയന്തര യോഗം വിളിച്ചു. അക്രമികളെ കർശനമായി നേരിടുമെന്ന് കേന്ദ്ര മന്ത്രി കൃഷ്ണപാൽ ഗുജ്ജർ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ഇന്നലെ നടത്തിയ ഘോഷയാത്ര തടഞ്ഞുവെന്നാരോപിച്ച് തുടങ്ങിയ സംഘർഷമാണ് വ്യാപകമായ അക്രമങ്ങളിൽ കലാശിച്ചത്. ആയിരങ്ങൾ പങ്കെടുത്ത റാലി നാലംഗ സംഘം തടഞ്ഞുവെന്നാണ് ആരോപണം.
ഹരിയാനയിൽ വ്യാപകമായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് നൂഹ് ജില്ലയിൽ ഒരു ദിവസത്തേക്ക് മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. കൊലപാതക കേസിൽ പ്രതിയായ ബജ്രംഗ്ദൾ നേതാവ് മോനു മനേസറിൻ്റെ അനുയായികളാണ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയുയർന്നിട്ടുണ്ട്.
സംഘർഷം സമീപ ജില്ലകളിലേക്ക് വ്യാപിക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ട് ഗുഡ്ഗാവ്, ഫരീദാബാദ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. നൂഹിൽ അധിക കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുകയാണ്.
Adjust Story Font
16