Quantcast

'ഭോലെ ബാബയുടെ കാൽ തൊട്ടുവന്ദിക്കാനായി ഭക്തർ വാഹനത്തിന് പിന്നാലെ ഓടി; ബോഡിഗാർഡുകൾ ആൾക്കൂട്ടത്തെ തള്ളിമാറ്റി'; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏകദേശം 2.5 ലക്ഷം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    3 July 2024 3:41 AM GMT

Hathras stampede,Bhole Baba,Uttar Pradesh ,UPstampede ,breaking news malayalam,ഹാഥ്‌റസ് അപകടം,ഹാഥ്‌റസ് ദുരന്തം,ഭോലെ ബാബ,ആള്‍ദൈവം
X

ഹാഥ്‌റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ആൾദൈവം ഭോലെ ഭാബ നടത്തിയ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരിപാടി അവസാനിച്ചപ്പോൾ ആൾദൈവം മടങ്ങുകയും അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിക്കാനായി ഭക്തർ വാഹനത്തിന് പിന്നാലെ ഓടിയതാണ് അപകടത്തിന്റെ ആഴം കൂട്ടിയതെന്ന് പൊലീസ് പറയുന്നു. ബാബയുടെ ബോഡി ഗാർഡുകൾ ആൾക്കൂട്ടത്തെ തള്ളിമാറ്റിയതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

ആളുകൾ ഒന്നിനു മുകളിൽ ഒന്നായി വീഴുകയും ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുകയുമായിരുന്നു. ഇതിനിടയിൽ ആൾദൈവം നടന്ന വഴിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടായിരുന്നു. ഇവരുടെ മുകളിലേക്കാണ് ആളുകൾ മറിഞ്ഞുവീണതെന്നും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിന് ശേഷം ഒളിവിൽ പോയ ഭോലെ ഭാബക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനായോഗത്തിനെത്തിയത് രണ്ടേകാൽ ലക്ഷം പേരാണെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.പരിപാടിയുടെ സംഘാടകർ സമർപ്പിച്ച അപേക്ഷയിൽ പങ്കെടുത്തവരുടെ എണ്ണം 80,000 ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ഹത്രാസ് സത്സംഗത്തിന്റെ സംഘാടകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേദിയിലെ തിക്കും തിരക്കും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്നാണ് എഫ്.ഐ.ആറിലുള്ളത്.അപകടത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്. ഹാഥ്‌റസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.



TAGS :

Next Story