Quantcast

ഗുജറാത്തിലെ യു.എസ് കമ്പനിക്ക് 16,000 കോടിയുടെ കേന്ദ്ര സബ്‌സിഡി; ചോദ്യംചെയ്ത് കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ജെ.ഡി.എസ് നേതാവിന്റെ പരാമര്‍ശം

MediaOne Logo

Web Desk

  • Published:

    15 Jun 2024 11:47 AM GMT

Rs 16,000 subsidy for 5,000 jobs: HD Kumaraswamy questions US firm in Gujarat getting incentives, clarifies later
X

എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: ഗുജറാത്തിലെ യു.എസ് കമ്പനിക്ക് കോടിക്കണക്കിനു രൂപ സബ്‌സിഡി അനുവദിച്ചതിനെ ചോദ്യംചെയ്ത് കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് 16,000 കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചത്. ഇത്രയും തുക ഒരു സെമി കണ്ടക്ടര്‍ പ്രോജക്ടിനു വേണ്ടി അനുവദിക്കുന്നതു ശരിയാണോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു എച്ച്.ഡി കുമാരസ്വാമിയുടെ അഭിപ്രായപ്രകടനം. മൈക്രോണ്‍ 5,000 തൊഴിലവസരങ്ങളാണു സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി രണ്ട് ബില്യന്‍ ഡോളറാണ്(ഏകദേശം 16,000 കോടി രൂപ) അവര്‍ക്ക് സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. മൊത്തത്തില്‍ കൂട്ടിനോക്കിയാല്‍ കമ്പനിയുടെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനം വരുമിത്. ഇത്രയും വലിയൊരു തുക ഇങ്ങനെയൊരു കമ്പനിക്ക് നല്‍കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചെന്നും കുമാരസ്വാമി വെളിപ്പെടുത്തി.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ തുക വകയിരുത്തിയാലുള്ള ഗുണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ വ്യവസായ മേഖലയായ പീനിയ ഒരു ഉദാഹരണമാണ്. എത്ര ലക്ഷം ജോലിയാണ് അവര്‍ സൃഷ്ടിച്ചത്? എന്നാല്‍, അവര്‍ക്ക് എന്താണു നമ്മള്‍ ചെയ്തുകൊടുത്തത്? രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാമെന്നാണ് താനിപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമിയുടെ വിമര്‍ശനം പ്രതിപക്ഷം ഏറ്റുപിടിച്ചു. ന്യായമായ ചോദ്യമാണ് ജെ.ഡി.എസ് നേതാവ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഉദ്ദവ് ശിവസേന നേതാവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിനു നല്‍കുന്ന പ്രത്യേക പരിഗണനയുടെ തെളിവാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തലെന്നു പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രസ്താവന വിവാദമായതോടെ കുമാരസ്വാമി തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും സംസ്ഥാനത്തെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. എന്റെ പ്രസ്താവനയെ എന്തിനാണ് ഇങ്ങനെ വളച്ചൊടിക്കുന്നത്? ഭാവിയില്‍ സൂക്ഷിച്ചേ സംസാരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

സെമികണ്ടക്ടര്‍ മേഖല രാജ്യത്ത് തന്ത്രപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന് ആവശ്യമുള്ള വ്യവസായമാണത്. ഇതോടൊപ്പം മറ്റു മേഖലകളിലും ചെറുകിട വ്യവസായങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

റാന്‍ഡം ആക്‌സസ് മെമ്മറി, ഫ്‌ളാഷ് മെമ്മറി, യു.എസ്.ബി ഫ്‌ലാഷ് ഡ്രൈവ്‌സ് ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ മെമ്മറി, ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ് മൈക്രോണ്‍ ടെക്‌നോളജി. യു.എസിലെ ഐഡഹോയിലെ ബോയിസിലാണ് കമ്പനിയുടെ ആസ്ഥാനം. ഗുജറാത്തില്‍ 2.75 ബില്യന്‍ ഡോളറിന്റെ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്ന് 2023 ജൂണില്‍ മൈക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടുഘട്ടങ്ങളിലായി 825 മില്യന്‍ യു.എസ് ഡോളര്‍ ഇവിടെ നിക്ഷേപിക്കുമെന്നും 5,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനം സാമ്പത്തിക പിന്തുണയും സബ്‌സിഡിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മൈക്രോണ്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കഴിഞ്ഞയാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉരുക്ക്-ഘനവ്യവസായമാണ് വകുപ്പ്. അധികാരമേറ്റ ശേഷം വെള്ളിയാഴ്ചയാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉള്‍പ്പെടെ അദ്ദേഹത്തിനായി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പാണു നല്‍കിയത്.

Summary: 'Rs 16,000 subsidy for 5,000 jobs': HD Kumaraswamy questions US firm in Gujarat getting incentives, clarifies later

TAGS :

Next Story