മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ
തന്റെ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ കുമാര ചന്ദ്രശേഖരനാഥ സ്വാമിജി ആവശ്യപ്പെട്ടു.
ബെംഗളൂരു: മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ കുമാര ചന്ദ്രശേഖരനാഥ സ്വാമിജി. മുസ്‌ലിംകളും ഈ രാജ്യത്തെ പൗരൻമാരാണ്. എല്ലാവരെയും പോലെ അവർക്കും വോട്ടവകാശമുണ്ട്. ഇന്നലത്തെ തന്റെ പ്രസ്താവനയിൽ മുസ്‌ലിം സഹോദരൻമാർക്ക് അസ്വസ്ഥതയുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും തന്റെ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്വാമിജി പറഞ്ഞു.
''വൊക്കലിഗക്കാർ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നവരാണ്. എല്ലാ മതവിശ്വാസികളോടും ഞങ്ങൾ എല്ലായിപ്പോഴും ഒരുപോലെയാണ് പെരുമാറിയിട്ടുള്ളത്. ഞങ്ങളുടെ മഠം മുസ്‌ലിംകളുമായി സൗഹാർദപരമായ ബന്ധം പുലർത്തുന്നു, അവർ ഞങ്ങളെ പതിവായി സന്ദർശിക്കാറുണ്ട്. അതുപോലെ, ഞങ്ങൾ അവരുടെ വിവാഹങ്ങളിലും മറ്റ് സന്തോഷകരമായ ചടങ്ങുകളിലും പങ്കെടുക്കുന്നു. അതുകൊണ്ട് ഈ സമൂഹത്തോട് അസഹിഷ്ണുതയില്ല''-സ്വാമിജി വ്യക്തമാക്കി.
ഭാരതീയ കിസാൻ സംഘ് ചൊവ്വാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു സ്വാമിജിയുടെ വിവാദ പരാമർശം. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാൻ നിയമം കൊണ്ടുവരണമെന്നും വഖഫ് ബോർഡ് ഇല്ലാതാക്കാണമെന്നും സ്വാമിജി റാലിയിൽ ആവശ്യപ്പെടുന്നു. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സ്വാമിജി ക്ഷമാപണവുമായി രംഗത്തെത്തിയത്.
Adjust Story Font
16