തമിഴ്നാട്ടിൽ കനത്തമഴ: കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; 17കാരനെ കാണാതായി
അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ജില്ലകളിൽ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മഴവെള്ളപ്പാച്ചിലിൽ വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശിയും 17കാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്ന് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ വരുന്ന മൂന്ന് ദിവസങ്ങളിൽ കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
Adjust Story Font
16