ഗൗരി ലങ്കേഷ് വധം: പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
2020 ജനുവരിയിൽ അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു.
ബെംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസിൽ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറി (46)ന്റെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ജാമ്യ ഹരജി തള്ളിയത്.
ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയും കൊലയാളികളെ ബെംഗളൂരുവില്‍ എത്തിക്കാൻ നേതൃത്വം നല്‍കിയതും ഇയാളാണ്. 2020 ജനുവരിയിൽ അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. തുടർന്ന് സി.ആർ.പി.സി 167(2) വകുപ്പ് പ്രകാരം പ്രത്യേക കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ കോടതി ജാമ്യം നൽകിയില്ല.
ഇതോടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. കൊലക്കേസായതിനാൽ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഏതൊരു പ്രതിക്കും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ 2020 ഏപ്രിൽ നാലിന് പോലും തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചില്ല. അതിനാൽ സി.ആർ.പി.സി സെക്ഷൻ 167 (2) പ്രകാരം തനിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ദേവ്ദികർ ഒളിവിലായിരുന്ന കാലത്തു തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പു തന്നെ കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതിനാൽ, സി.ആർ.പി.സി സെക്ഷൻ 167ന്റെ ഉപവിഭാഗം (2) ന്റെ പ്രയോജനം അയാൾക്ക് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അറസ്റ്റിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ, സിആർപിസി സെക്ഷൻ 167 ന്റെ ഉപവകുപ്പ് (2) പ്രകാരം ഒരു പ്രതിക്ക് ആനുകൂല്യം ലഭിക്കില്ല- ജഡ്ജി പറഞ്ഞു. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റു മരിക്കുന്നത്. നാലു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്‌തയാണ് കൊലയ്‌ക്കു പിന്നിൽ.
19 പേരാണ് പ്രതികൾ. ഇവരിൽ അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കലബുർഗി എന്നിവരെ വധിച്ചതും ഇതേ സംഘടനയായിരുന്നു. 2016 ഓഗസ്റ്റില്‍ പ്രതികള്‍ ബല്‍ഗാമില്‍ യോഗം ചേരുകയും ഹിന്ദുത്വത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെടേണ്ടവരുടെ പട്ടിക ഇവിടെ വച്ചാണ് തയ്യാറാക്കിയത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ തീരുമാനിക്കുന്നതും ഇവിടെ വച്ചാണ്. ഗൗരിയുടെ കൊലപാതക പദ്ധതിക്ക് ഈവന്റ് എന്നായിരുന്നു സംഘം നല്‍കിയ പേര്.
Adjust Story Font
16