അമിതവേഗം കണ്ട് തടയാൻ ശ്രമിച്ചു; പൊലീസുകാരനെ കാറിടിപ്പിച്ച് വിൻഡ്‌ഷീൽഡിന് മുകളിലാക്കി യുവാവ് പാഞ്ഞത് 10 കി.മീ
ഇയാളുടെ അമിതവേഗത്തിലുള്ള വരവ് കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ട്രാഫിക് പൊലീസുകാരൻ കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
മുംബൈ: അമിതവേഗത്തിൽ കാർ വരുന്നത് കണ്ട് തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ മയക്കുമരുന്ന് ലഹരിയിലായിരുന്ന ഡ്രൈവർ ഇടിച്ചിട്ട ശേഷം വാഹനത്തിന്റെ വിൻഡ്‌ഷീൽഡിന് മുകളിലാക്കി ഓടിച്ചുപോയി. മുംബൈയിലെ വാഷി നഗരത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
പത്ത് കി.മീറ്ററിലേറെയാണ് ഇയാൾ പൊലീസുകാരനേയും മുകളിലിരുത്തി അപകടകരമായ നിലയിൽ കാർ ഓടിച്ചുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദിത്യ ബെംബാഡെ എന്നയാളാണ് പൊലീസുകാരനെ മുകളിൽ വച്ച് കിലോമീറ്ററുകളോളം കാറോടിച്ചു പോയി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഇയാളുടെ അമിതവേഗത്തിലുള്ള വരവ് കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ട്രാഫിക് പൊലീസുകാരൻ കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഡ്രൈവർ നിർത്താതെ പോയതോടെ ബൈക്കിൽ കാറിനെ പിന്തുടർന്ന പൊലീസുകാരൻ വാഷി നഗരത്തിലെ ഒരു കവലയിൽ വച്ച് വീണ്ടും തടയാൻ ശ്രമിച്ചു.
എന്നാൽ, വണ്ടിയുടെ വേഗം കുറയ്ക്കുന്നതിനു പകരം, കോൺസ്റ്റബിൾ സിദ്ധേശ്വർ മാലിയെ ഇയാൾ ഇടിച്ചിടുകയായിരുന്നു. ഇതോടെ കാറിനു മുകളിലേക്ക് വീണ മാലിയെയും കൊണ്ട് വാഹനം മുന്നോട്ടു പായുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ പൊലീസുകാരൻ വിൻഡ്‌ഷീൽഡിൽ കിടക്കുന്നതു കാണാം.
പോകുന്ന പോക്കിൽ നിരവധി വാഹനങ്ങളും ഇയാൾ ഇടിച്ചുതെറിപ്പിച്ചു. ഒടുവിൽ, നഗരത്തിലെ ഉറാൻ നകയിൽ ഗവാൻ ഫാറ്റയ്ക്ക് സമീപം വച്ച് പൊലീസുകാർ കാർ തടഞ്ഞു. മയക്കുമരുന്ന് ലഹരിയിൽ പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ചതിന് ഇയാൾ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Adjust Story Font
16