'ഹിജാബ് വിലക്കിയത് കൊണ്ട് ഇസ്ലാമിൽ മാറ്റമൊന്നും ഉണ്ടാകില്ല'; കർണാടക സർക്കാർ സുപ്രിംകോടതിയിൽ
ആരെങ്കിലും തല മറച്ചാൽ അതെങ്ങനെയാണ് അച്ചടക്ക ലംഘനമാകുന്നത് എന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം
ന്യൂഡൽഹി: മതപരമായ ആചാരമല്ലാത്തതിനാൽ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിൽ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കർണാടക സർക്കാർ. ഹിജാബ് ധരിക്കുന്നത് നിർബന്ധിത നടപടിയല്ലെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ പി നവദ്ഗി സുപ്രീം കോടതിയിൽ വാദിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതിയിൽ വാദം തുടരുകയാണ്.
സ്‌കൂൾ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു. പൊതുസമൂഹത്തിൽ ന്യായമായ നിയന്ത്രണങ്ങൾ വരുത്താതെ സർക്കാരിന് ഭരിക്കാൻ കഴിയുമോ എന്ന് നവദ്ഗി വാദിച്ചു. എന്നാൽ, ആരെങ്കിലും തല മറച്ചാൽ അതെങ്ങനെയാണ് അച്ചടക്ക ലംഘനമാകുന്നത് എന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം.
യൂണിഫോം എന്തെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരനും സംസ്ഥാനവും തമ്മിലുള്ളതല്ല, സ്‌കൂൾ അഡ്മിനിസ്‌ട്രേഷനും വിദ്യാർത്ഥികളും തമ്മിലുള്ള കേസാണിത്. നിർബന്ധമായ മതാചാരങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യവും ഇതിൽ ബാധകമാകുന്നില്ലെന്നും നവദ്ഗി കോടതിയിൽ പറഞ്ഞു.
ഹിജാബ് കേസില്‍ കർണാടക ഹൈക്കോടതി ഒഴിച്ചുകൂടാനാവാത്ത മതാചാരം സംബന്ധിച്ച ചോദ്യത്തിലേക്ക് കടക്കേണ്ടിയിരുന്നില്ലെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ കഴിഞ്ഞ ദിവസം വാക്കാല്‍ പരാമർശിച്ചിരുന്നു. ഹിജാബ് കേസിൽ വാദം കേൾക്കുന്നതിന്‍റെ എട്ടാം ദിവസമാണ് ജസ്റ്റിസ് ധൂലിയ വാക്കാല്‍ ഈ പരാമര്‍ശം നടത്തിയത്. കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹരജികളാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധൂലിയയും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്നത്.
Adjust Story Font
16