Quantcast

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീണ്ടും ഡല്‍ഹിയില്‍; വിജയ് രൂപാണിക്ക് പിന്നാലെ ജയ്‌റാം താക്കൂറും തെറിക്കുമോ?

റിപ്പോര്‍ട്ടുകളില്‍ യാതൊരു വസ്തുതയുമില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് ജയ്‌റാം താക്കൂര്‍ ഡല്‍ഹിയിലെത്തിയതെന്നും നേതാക്കള്‍ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    14 Sep 2021 3:34 PM GMT

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീണ്ടും ഡല്‍ഹിയില്‍; വിജയ് രൂപാണിക്ക് പിന്നാലെ ജയ്‌റാം താക്കൂറും തെറിക്കുമോ?
X

ഗുജറാത്ത് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ മാറ്റിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും നേതൃമാറ്റമുണ്ടാവുമെന്ന് സൂചന. ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ അടിക്കടിയുള്ള ഡല്‍ഹി സന്ദര്‍ശനമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജയ്‌റാം താക്കൂര്‍ ഡല്‍ഹിയിലെത്തുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ യാതൊരു വസ്തുതയുമില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് ജയ്‌റാം താക്കൂര്‍ ഡല്‍ഹിയിലെത്തിയതെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനും കോണ്‍ഗ്രസിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്-മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ നേതൃതലത്തില്‍ അപ്രതീക്ഷിതമായ ഏത് മാറ്റത്തിനും സൂചനയുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. മന്തി പാര്‍ലമെന്റ് മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഒരു സീറ്റ്. ഇവിടെ എം.പിയായിരുന്ന രാം സ്വരൂപ് ശര്‍മ്മയെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്. ഇത് മറികടക്കാന്‍ അപ്രതീക്ഷിത നീക്കങ്ങളുണ്ടാവുമോ എന്ന സംശയവും ദേശീയ മാധ്യമങ്ങള്‍ പങ്കുവെക്കുന്നു.

TAGS :

Next Story