Quantcast

ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി; മുൻ ജനറൽ സെക്രട്ടറി ഉൾപ്പെടെ 26 നേതാക്കൾ ബി.ജെ.പിയിൽ

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ, സംസ്ഥാന ചുമതലയുള്ള സുധൻ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പി അംഗത്വമെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-11-08 06:24:00.0

Published:

8 Nov 2022 5:43 AM GMT

ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി; മുൻ ജനറൽ സെക്രട്ടറി ഉൾപ്പെടെ 26 നേതാക്കൾ ബി.ജെ.പിയിൽ
X

ഷിംല: നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. ഹിമാചലിലെ പ്രമുഖരായ 26 കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ, സംസ്ഥാന ചുമതലയുള്ള സുധൻ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബി.ജെ.പി അംഗത്വമെടുത്തത്.

കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ താക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ നെഗി തുടങ്ങി പ്രമുഖരാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവരുടെ ജന്മനാടാണ് ഹിമാചൽ. ഇരുവരും ദിവസങ്ങളായി സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നാണ് സംസ്ഥാനത്തെത്തുന്നത്. ഇതിനിടെയാണ് പാർട്ടി നേതാക്കളുടെ കൂടുമാറ്റം. രണ്ടു ദിവസമാണ് സംസ്ഥാനത്തെ പ്രചാരണ പരിപാടികളിൽ ഖാർഗെ പങ്കെടുക്കുക.

ഹിമാചൽപ്രദേശിൽ കോൺഗ്രസ് മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്നാണ് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മീഡിയവണിനോട് പറഞ്ഞത്. ജനങ്ങളിൽനിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary: 26 Congress leaders including Dharampal Thakur Khand, former general secretary of the Pradesh Congress Committee, join BJP ahead of Himachal Pradesh elections

TAGS :

Next Story