രാമക്ഷേത്ര പ്രതിഷ്ഠാ ദിനം: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതുഅവധി
സ്കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
ഷിംല: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഹിമാചൽ പ്രദേശിൽ സ്കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾക്ക് അവധി. ഇതാദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ടാ ദിനമായ നാളെ ഡൽഹിയിൽ ആംആദ്മി പാർട്ടി ശോഭയാത്രയും സംഘടിപ്പിക്കും. അയോധ്യയിലെ രാമപ്രതിഷ്ഠ പ്രമാണിച്ചുള്ള ശോഭായാത്രയിൽ ആം ആദ്മി നേതാക്കൾ പങ്കെടുക്കും.
പ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തിസ്ഗഢ്, ഗുജറാത്ത്,ത്രിപുര,മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് ദിവസം അവധി അനുവദിച്ച മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി . അവധി നൽകുന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജിഎസ് കുൽക്കർണി, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ച് ഹരജി തള്ളിയത്. സർക്കാർ തീരുമാനത്തിനെതിരെ നാല് നിയമവിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയിൽ വരുന്നതാണ് അവധി പ്രഖ്യാപനമെന്ന് സുപ്രിംകോടതി വിധികൾ ഉദ്ധരിച്ച് ബഞ്ച് ചൂണ്ടിക്കാട്ടി.അവധി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ചേർന്നതല്ല എന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ മതവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നത് മതേതര വിശ്വാസത്തിന്റെ ലംഘനമാകില്ലെന്നും രാജ്യത്തിന്റെ മതേതര വിശ്വാസം അത്രയ്ക്ക് ദുർബലമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
Adjust Story Font
16